താരസംഘടനയായ ‘അമ്മ’യുടെ ജനറൽ സെക്രട്ടറിയായി നടി അൻസിബ ഹസൻ വരണമെന്ന് നടി മാലാ പാർവതി അഭിപ്രായപ്പെട്ടു. സംഘടനയിലെ സമീപകാല സംഭവവികാസങ്ങൾ വിലയിരുത്തിയ അവർ, അൻസിബയുടെ നിലപാടുകൾക്ക് മുന്നിൽ ഭരണസമിതി മുട്ടുമടക്കേണ്ട സാഹചര്യമുണ്ടായെന്ന് ചൂണ്ടിക്കാട്ടി. അതുകൊണ്ടുതന്നെ സംഘടനയുടെ നേതൃത്വനിരയിലേക്ക് അൻസിബയെ പരിഗണിക്കണമെന്നാണ് അവരുടെ നിലപാട്.
അതേസമയം, പൃഥ്വിരാജ്, ആസിഫ് അലി, കുഞ്ചാക്കോ ബോബൻ തുടങ്ങിയ യുവതാരങ്ങളും സംഘടനയുടെ ഭാരവാഹിത്വത്തിലേക്ക് എത്തേണ്ട സമയമായെന്ന് മാലാ പാർവതി അഭിപ്രായപ്പെട്ടു. കഴിവും നേതൃത്വശേഷിയും ഉള്ള പുതിയ തലമുറയ്ക്ക് സംഘടനയുടെ ചുമതലകൾ കൈമാറുന്നത് ‘അമ്മ’യുടെ ഭാവിക്ക് ഗുണകരമാകുമെന്നും അവർ പറഞ്ഞു.
അംഗങ്ങൾ തമ്മിലുള്ള ഭിന്നതയും ജനറൽ ബോഡി യോഗത്തിൽ വരവ്-ചെലവ് കണക്കുകളെച്ചൊല്ലിയുണ്ടായ രൂക്ഷമായ തർക്കവും പിന്നാലെയാണ് ‘അമ്മ’യുടെ ഭരണസമിതി രാജിവെച്ചത്. ഔദ്യോഗിക സ്ഥാനങ്ങൾക്കൊപ്പം സംഘടനയിലെ പ്രാഥമിക അംഗത്വവും രാജിവച്ചതായി ശ്വേതാ മേനോനും ലക്ഷ്മിപ്രിയയും വ്യക്തമാക്കിയിരുന്നു.
ജനറൽ ബോഡി യോഗത്തിനിടെ തന്നെ പ്രസിഡൻ്റ് സ്ഥാനം ഒഴിയുന്നതായി ശ്വേതാ മേനോൻ പ്രഖ്യാപിച്ചതോടെ പ്രതിസന്ധി കൂടുതൽ രൂക്ഷമായി. പുതിയ ഭരണസമിതി അധികാരമേറ്റതിന് ഒരു വർഷം തികയുന്നതിന് മുമ്പാണ് ശ്വേതാ മേനോൻ ഉൾപ്പെടെ 17 അംഗങ്ങൾ രാജിവെച്ചത്. തുടർന്ന് ഗണേഷ് കുമാറും രമേശ് പിഷാരടിയും അംഗങ്ങളായ അഡ്‌ഹോക്ക് കമ്മിറ്റിക്കാണ് സംഘടനയുടെ താൽക്കാലിക ചുമതല നൽകിയിരിക്കുന്നത്.
ജനറൽ സെക്രട്ടറി കുക്കു പരമേശ്വരൻ അവതരിപ്പിച്ച വാർഷിക റിപ്പോർട്ടിലെ സാമ്പത്തിക കണക്കുകളിൽ വ്യക്തതയില്ലെന്ന ആരോപണമാണ് വിവാദങ്ങൾക്ക് വഴിവെച്ചത്. സിദ്ധിഖ്, ബാബുരാജ്, ഇടവേള ബാബു എന്നിവരുള്‍പ്പെടെയുള്ള പ്രമുഖർ റിപ്പോർട്ട് അംഗീകരിക്കാൻ തയ്യാറായില്ല. കണക്കുകളിൽ പിഴവുകളുണ്ടെന്ന് ചൂണ്ടിക്കാട്ടി രഞ്ജി പണിക്കരും എതിർപ്പ് രേഖപ്പെടുത്തിയതോടെ യോഗം സംഘർഷഭരിതമായി.
ടിനി ടോമിനെതിരെ അൻസിബ ഹസൻ ഉന്നയിച്ച ആരോപണങ്ങളും ലക്ഷ്മിപ്രിയയുമായുള്ള നിയമപോരാട്ടവും ഉൾപ്പെടെയുള്ള വിഷയങ്ങളും സംഘടനയ്ക്കുള്ളിലെ അഭിപ്രായവ്യത്യാസങ്ങൾ കൂടുതൽ ശക്തമാക്കിയിരുന്നു. ഈ പശ്ചാത്തലത്തിലാണ് ‘അമ്മ’യുടെ ഭാവി നേതൃത്വത്തെക്കുറിച്ചുള്ള ചർച്ചകൾ വീണ്ടും സജീവമായിരിക്കുന്നത്.
