നടി അൻസിബ ഹസനെതിരെ പത്ത് കോടി രൂപയുടെ നഷ്ടപരിഹാരം ആവശ്യപ്പെട്ട് മാനനഷ്ടക്കേസ് നൽകുമെന്ന് നടി ലക്ഷ്മിപ്രിയ. അൻസിബ തനിക്കെതിരെ നൽകിയ പരാതിക്ക് പിന്നിൽ വർഗ്ഗീയ ശക്തികളുണ്ടോ എന്ന് സംശയിക്കുന്നതായും ലക്ഷ്മിപ്രിയ മാധ്യമങ്ങളോട് പറഞ്ഞു. അൻസിബയ്ക്ക് പിന്നിൽ കൃത്യമായ അജണ്ടയുള്ള ചില ആളുകളുണ്ടെന്നാണ് കരുതുന്നത്.
അഭിനേതാക്കളുടെ സംഘടനയായ ‘അമ്മ’യെ തകർക്കാനും അതിലെ അംഗങ്ങളെ പൊതുസമൂഹത്തിന് മുന്നിൽ അപകീർത്തിപ്പെടുത്താനും താല്പര്യമുള്ള ചിലർ ഈ നീക്കങ്ങൾക്ക് പിന്നിലുണ്ടോ എന്ന ബലമായ സംശയം തനിക്കുണ്ടെന്നും ലക്ഷ്മിപ്രിയ വ്യക്തമാക്കി.
അടുത്ത ദിവസം തന്നെ അൻസിബയ്‌ക്കെതിരെ മാനനഷ്ടക്കേസുമായി ഹൈക്കോടതിയെ സമീപിക്കാനാണ് ലക്ഷ്മിപ്രിയയുടെ തീരുമാനം. അൻസിബ വിചാരിച്ചാൽ തളരുന്ന ആളല്ല താനെന്നും ലക്ഷ്മിപ്രിയ കൂട്ടിച്ചേർത്തു.
രണ്ടുപേർ തമ്മിൽ സംസാരിച്ചാൽ തീരാവുന്ന ഒരു ചെറിയ വ്യക്തിപരമായ വിഷയത്തെ മറ്റുള്ളവരുടെ മുന്നിൽ വലിയൊരു വിവാദമായി ചിത്രീകരിക്കുകയാണ് അൻസിബ ചെയ്തത്. ഇതിനിടയിലേക്ക് തന്റെ ഭര്‍ത്താവിനേയും കുഞ്ഞിനേയും ഉൾപ്പെടെ അനാവശ്യമായി വലിച്ചിഴച്ചു. പൊതുസമൂഹത്തിന് മുന്നിൽ തന്റെ വ്യക്തിപരമായ പ്രതിച്ഛായ തകർക്കാനും തന്നിലെ സ്ത്രീത്വത്തെ മനഃപൂർവ്വം അപമാനിക്കാനുമാണ് അൻസിബ ശ്രമിച്ചതെന്നും ലക്ഷ്മിപ്രിയ കടുത്ത ഭാഷയിൽ ആരോപിച്ചു. താരങ്ങൾ തമ്മിലുള്ള തർക്കം പുതിയ നിയമപോരാട്ടങ്ങളിലേക്ക് വഴിമാറുന്നതോടെ സിനിമ മേഖലയിലും ഇത് വലിയ ചർച്ചകൾക്ക് കാരണമായിട്ടുണ്ട്.
