ബ്രഹ്മോസ് യുഎഇയിലേക്ക്; പ്രതിരോധ കയറ്റുമതിയിൽ ഇന്ത്യയുടെ വൻ മുന്നേറ്റത്തിന് സാധ്യത

പശ്ചിമേഷ്യയിലെ വർധിച്ചുവരുന്ന സുരക്ഷാ വെല്ലുവിളികൾക്കിടയിൽ ഇന്ത്യയുടെ അത്യാധുനിക പ്രതിരോധ സംവിധാനങ്ങളായ ബ്രഹ്മോസ് സൂപ്പർസോണിക് ക്രൂയിസ് മിസൈലും ആകാശ്തിർ വ്യോമ പ്രതിരോധ സംവിധാനവും സ്വന്തമാക്കാൻ യുഎഇ താൽപര്യം പ്രകടിപ്പിച്ചതായി റിപ്പോർട്ട്. ഇരു രാജ്യങ്ങളും തമ്മിൽ ഇതിനായി ചർച്ചകൾ പുരോഗമിക്കുകയാണെന്ന് അന്താരാഷ്ട്ര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്യുന്നു.

റോയിട്ടേഴ്‌സ് റിപ്പോർട്ട് പ്രകാരം, ചർച്ചകൾ ഇപ്പോഴും പ്രാഥമിക ഘട്ടത്തിലാണെങ്കിലും വേഗത്തിൽ മുന്നേറുകയാണ്. ഇന്ത്യയും റഷ്യയും ചേർന്ന് വികസിപ്പിച്ച ബ്രഹ്മോസ് മിസൈൽ ലോകത്തിലെ ഏറ്റവും വേഗമേറിയ ക്രൂയിസ് മിസൈലുകളിൽ ഒന്നാണ്. ശബ്ദവേഗത്തിന്റെ മൂന്നിരട്ടിയിലധികം വേഗത്തിൽ സഞ്ചരിക്കുന്ന ബ്രഹ്മോസ് കരയിൽ നിന്നും കടലിൽ നിന്നും വായുവിൽ നിന്നും വിക്ഷേപിക്കാനാകുന്ന സംവിധാനമാണ്. ഏകദേശം 290 കിലോമീറ്റർ ദൂരപരിധിയുള്ള ഈ മിസൈൽ വിവിധ സൈനിക ദൗത്യങ്ങൾക്ക് അനുയോജ്യമാണ്.

അതേസമയം, ഭാരത് ഇലക്ട്രോണിക്സ് ലിമിറ്റഡ് വികസിപ്പിച്ച ആകാശ്തിർ വ്യോമ പ്രതിരോധ നിയന്ത്രണ സംവിധാനം ശത്രുവിന്റെ വ്യോമാക്രമണ ഭീഷണികളെ അതിവേഗം തിരിച്ചറിഞ്ഞ് പ്രതിരോധ നടപടികൾ ഏകോപിപ്പിക്കാൻ സഹായിക്കുന്ന സാങ്കേതികവിദ്യയാണ്. ആധുനിക യുദ്ധസാഹചര്യങ്ങളിൽ നിർണായകമായ കമാൻഡ് ആൻഡ് കൺട്രോൾ ശേഷി വർധിപ്പിക്കുന്ന സംവിധാനമായാണ് ഇതിനെ വിലയിരുത്തുന്നത്.

പരമ്പരാഗതമായി അമേരിക്കൻ ആയുധ സംവിധാനങ്ങളെയാണ് യുഎഇ കൂടുതലായി ആശ്രയിച്ചിരുന്നത്. താഡ് , പാട്രിയറ്റ് തുടങ്ങിയ പ്രതിരോധ സംവിധാനങ്ങൾ ഇതിനകം രാജ്യത്തിനുണ്ട്. ഇതോടൊപ്പം ആകാശ്തിർ ഉൾപ്പെടെയുള്ള പുതിയ സംവിധാനങ്ങൾ കൂടി ചേർക്കുന്നത് പ്രതിരോധ ശൃംഖല കൂടുതൽ ശക്തിപ്പെടുത്തുമെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ബ്രഹ്മോസ് സംയുക്ത പദ്ധതിയിൽ റഷ്യയും പങ്കാളിയായതിനാൽ, മിസൈൽ കയറ്റുമതിക്ക് മോസ്കോയുടെ അനുമതി ആവശ്യമാണ്. എന്നാൽ റഷ്യയും യുഎഇയും തമ്മിലുള്ള മികച്ച നയതന്ത്ര ബന്ധം കണക്കിലെടുക്കുമ്പോൾ അത് വലിയ തടസ്സമാകില്ലെന്നാണ് വിലയിരുത്തൽ.

ഇന്ത്യയും യുഎഇയും തമ്മിലുള്ള തന്ത്രപ്രധാന സഹകരണം കൂടുതൽ ശക്തമാകുന്നതിന്റെ സൂചനയായാണ് പുതിയ നീക്കത്തെ കാണുന്നത്. 2026 മാർച്ചിൽ അവസാനിക്കുന്ന സാമ്പത്തിക വർഷത്തിൽ 4 ബില്യൺ ഡോളറിലധികം വിലമതിക്കുന്ന പ്രതിരോധ ഉപകരണങ്ങളാണ് ഇന്ത്യ കയറ്റുമതി ചെയ്തത്. ഫിലിപ്പീൻസിന് ബ്രഹ്മോസ് മിസൈലുകൾ ഇതിനകം കൈമാറിയ ഇന്ത്യ, വിയറ്റ്നാം, ഇന്തോനേഷ്യ തുടങ്ങിയ രാജ്യങ്ങളുമായും സമാന കരാറുകൾക്കായി ചർച്ചകൾ തുടരുകയാണ്. ഇന്ത്യയുടെ പ്രതിരോധ കയറ്റുമതി രംഗത്തെ വളർച്ചയ്ക്ക് പുതിയ അധ്യായം തുറക്കുന്നതായിരിക്കും യുഎഇയുമായുള്ള സാധ്യതയുള്ള ഈ കരാർ.

മറുപടി രേഖപ്പെടുത്തുക