നൂറല്ല, ആയിരം തവണ പറയേണ്ട കാര്യങ്ങൾ പറയും ; എല്ലാ ജില്ലകളിലും പോയി മത്സരിച്ച് പലതവണ തോറ്റ വ്യക്തി ആര് എന്ന ചോദ്യത്തിന് ഉത്തരമാണ് കെ മുരളിധരൻ : വീണാ ജോർജ്

ആരോഗ്യമന്ത്രി കെ. മുരളീധരന്റെ വിമർശനങ്ങൾക്ക് ശക്തമായ മറുപടിയുമായി മുൻ ആരോഗ്യമന്ത്രി വീണാ ജോർജ്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ നൂറു തവണയല്ല, ആയിരം തവണ പറയേണ്ട കാര്യങ്ങൾ പറയുമെന്നും പ്രതിപക്ഷം ഉയർത്തിയ ഗൗരവമേറിയ ചോദ്യങ്ങൾക്ക് മറുപടി നൽകുന്നതിൽ ആരോഗ്യമന്ത്രി പരാജയപ്പെട്ടുവെന്നും അവർ ആരോപിച്ചു.

സംസ്ഥാനത്ത് പകർച്ചവ്യാധികൾ വർധിച്ചുവരുന്ന സാഹചര്യത്തിൽ സർക്കാർ കൂടുതൽ ജാഗ്രത പുലർത്തണമെന്നും വീണാ ജോർജ് ആവശ്യപ്പെട്ടു. കേരളത്തിൽ രണ്ട് ലക്ഷത്തിലധികം പേർക്ക് പനി ബാധിച്ചിട്ടുണ്ടെന്നും കഴിഞ്ഞ 30 ദിവസത്തിനിടെ 87 മരണങ്ങൾ റിപ്പോർട്ട് ചെയ്തിട്ടുണ്ടെന്നും അവർ ചൂണ്ടിക്കാട്ടി. രോഗപ്രതിരോധ പ്രവർത്തനങ്ങൾ ശാസ്ത്രീയമായി ശക്തിപ്പെടുത്തേണ്ട സമയമാണിതെന്നും അവർ പറഞ്ഞു.

ആരോഗ്യമന്ത്രിയുടെ പ്രതികരണങ്ങൾ ആത്മവിശ്വാസക്കുറവിൽ നിന്നാണ് ഉണ്ടാകുന്നതെന്ന് വിമർശിച്ച വീണാ ജോർജ്, നിയമസഭയിൽ പ്രതിപക്ഷം ഉന്നയിച്ച വിഷയങ്ങളുടെ ഗൗരവം സർക്കാർ തിരിച്ചറിയണമെന്നും ആവശ്യപ്പെട്ടു. പ്രതിപക്ഷം രോഗപ്രതിരോധ പ്രവർത്തനങ്ങളിൽ ഒറ്റക്കെട്ടായി സഹകരിക്കാൻ തയ്യാറാണെന്ന് വ്യക്തമാക്കിയിരുന്നുവെങ്കിലും അതിന് അനുയോജ്യമായ പ്രതികരണമല്ല മന്ത്രിയിൽ നിന്ന് ഉണ്ടായതെന്നും അവർ പറഞ്ഞു.

വ്യക്തിപരമായ അധിക്ഷേപങ്ങളിലേക്കും വിമർശനം നീണ്ടതായി ചൂണ്ടിക്കാട്ടിയ വീണാ ജോർജ്, തന്നെ ‘മഹാറാണി’ എന്ന് വിളിച്ച മന്ത്രിയുടെ പരാമർശത്തെയും വിമർശിച്ചു. മന്ത്രിയായിരിക്കെ തോറ്റ വ്യക്തി ആരെന്ന ചോദ്യത്തിന് ഉത്തരം കെ മുരളീധരൻ.എല്ലാ ജില്ലകളിലും പോയി മത്സരിച്ച് പലതവണ തോറ്റ വ്യക്തി എന്ന ചോദ്യത്തിന് ഉത്തരം കെ മുരളിധരൻ. നമ്മളൊന്നും ഇത് പറയുന്നില്ല.ഡബിൾ തോൽവി ഏറ്റുവാങ്ങി നിൽക്കുമ്പോഴാണ് അതിനീചമായി ആരോഗ്യവകുപ്പിനെയും എന്നെയും വ്യക്തിഹത്യ ചെയ്യുന്ന രീതിയിൽ വിമർശിച്ചത്.മഹാറാണി എന്ന് കെ മുരളീധരൻ എന്നെ വിളിച്ചു.മഹാറാണി എന്ന പേരിന് ചരിത്രമുണ്ട്.രാജ്മോഹൻ ഉണ്ണിത്താൻ പറഞ്ഞതുപോലെ ഒരു ചരിത്രമാണ് അതിന്. പൊതുജനാരോഗ്യവുമായി ബന്ധപ്പെട്ട വിഷയങ്ങളിൽ ഗൗരവമായ ചർച്ചകൾ നടക്കേണ്ട സമയത്ത് വ്യക്തിപരമായ ആക്രമണങ്ങൾ നടത്തുന്നത് ശരിയായ സമീപനമല്ലെന്നും അവർ കൂട്ടിച്ചേർത്തു.

പനി കേസുകളുമായി ബന്ധപ്പെട്ട് കൃത്യമായ രോഗനിർണയം പല സ്ഥലങ്ങളിലും വെല്ലുവിളിയായി തുടരുകയാണെന്നും രോഗവ്യാപനം തടയാൻ കൂടുതൽ ഏകോപിതമായ നടപടികൾ ആവശ്യമാണ് എന്നും വീണാ ജോർജ് അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക