മദ്യനികുതി ഇളവിലും പി.എം ശ്രീ പദ്ധതിയിലും സർക്കാരിനെതിരെ ലീഗ്; മുഖ്യമന്ത്രിയെ നേരിട്ട് അതൃപ്തി അറിയിച്ചു

സംസ്ഥാന ബജറ്റിൽ വീര്യം കുറഞ്ഞ മദ്യപാനീയങ്ങളുടെ നികുതി കുറയ്ക്കാനുള്ള നിർദ്ദേശത്തെയും കേന്ദ്ര സർക്കാരിന്റെ പി.എം ശ്രീ പദ്ധതി നടപ്പാക്കാനുള്ള നീക്കത്തെയുംതിരെ മുസ്ലിം ലീഗ് ശക്തമായ വിയോജിപ്പ് രേഖപ്പെടുത്തി. പാർട്ടിയുടെ നിലപാട് മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിട്ട് അറിയിച്ചതായാണ് ലീഗ് വൃത്തങ്ങൾ വ്യക്തമാക്കുന്നത്.

ബജറ്റ് ചർച്ചകൾക്കുള്ള മറുപടി പ്രസംഗത്തിൽ ഈ വിഷയങ്ങളിൽ മുഖ്യമന്ത്രി വ്യക്തത വരുത്തുകയും പാർട്ടി ഉയർത്തിയ ആശങ്കകൾക്ക് തൃപ്തികരമായ മറുപടി നൽകുകയും ചെയ്യുമെന്നാണ് ലീഗ് നേതൃത്വം പ്രതീക്ഷിക്കുന്നത്. അനുയോജ്യമായ വേദികളിൽ പാർട്ടിയുടെ നിലപാട് ശക്തമായി ഉന്നയിക്കുമെന്നും മുസ്ലിം ലീഗ് ജനറൽ സെക്രട്ടറി പി.എം.എ. സലാം വ്യക്തമാക്കി.

ഭരണത്തിന്റെ തുടക്കത്തിൽ തന്നെ മുഖ്യമന്ത്രിയുമായി പരസ്യമായ ഏറ്റുമുട്ടലിലേക്ക് പോകാൻ ലീഗ് നേതൃത്വം തയ്യാറായിരുന്നില്ല. എന്നാൽ മദ്യനികുതി ഇളവും പി.എം ശ്രീ പദ്ധതിയും സംബന്ധിച്ച ആശങ്കകൾ പാർട്ടിക്കുള്ളിൽ ശക്തമായതോടെയാണ് നിലപാട് പരസ്യമായി അറിയിക്കാൻ തീരുമാനിച്ചത്.

പ്രതിപക്ഷ നേതാവായിരുന്ന കാലത്ത് വി.ഡി. സതീശനുമായി വിഷയങ്ങൾ ചർച്ച ചെയ്യുന്നത് കൂടുതൽ എളുപ്പമായിരുന്നുവെന്നാണ് ലീഗിലെ ചില മുതിർന്ന നേതാക്കളുടെ വിലയിരുത്തൽ. സതീശൻ മുഖ്യമന്ത്രി സ്ഥാനത്തെത്തുന്നതിൽ മുസ്ലിം ലീഗ് നിർണായക പങ്കുവഹിച്ചിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.

അതേസമയം, കോൺഗ്രസിലെ ഒരു വിഭാഗത്തിന്റെ എതിർപ്പ് മറികടന്ന് ലീഗിന് ഫിഷറീസ് വകുപ്പ് ഉറപ്പാക്കുന്നതിൽ മുഖ്യമന്ത്രി സ്വീകരിച്ച ശക്തമായ നിലപാടിനെയും പാർട്ടി നേതൃത്വം അനുകൂലമായി വിലയിരുത്തുന്നുണ്ട്. അതിനാൽ സർക്കാരുമായുള്ള ബന്ധം വഷളാക്കാതെ തന്നെ നയപരമായ വിഷയങ്ങളിൽ ശക്തമായ നിലപാട് തുടരാനാണ് മുസ്ലിം ലീഗിന്റെ തീരുമാനം.

മറുപടി രേഖപ്പെടുത്തുക