രാജ്യത്തെ നീറ്റ് ചോദ്യപേപ്പർ ചോർച്ച വിവാദത്തിൽ കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന് കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖാർഗെ ആവശ്യപ്പെട്ടു. വിദ്യാർഥികളുടെ ആശങ്കകളും പ്രതിഷേധങ്ങളും ഉയർത്തിക്കാട്ടുന്നവരെ ‘തീവ്രവാദികൾ’ എന്ന് വിശേഷിപ്പിക്കുന്നത് അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം വിമർശിച്ചു.
രാജ്യത്ത് ഏകദേശം 90 പരീക്ഷകളുടെ ചോദ്യപേപ്പറുകൾ ചോർന്നുവെന്നും ഇതിലൂടെ കോടിക്കണക്കിന് വിദ്യാർഥികളുടെ ഭാവി അനിശ്ചിതത്വത്തിലായെന്നും ഖാർഗെ ആരോപിച്ചു. നീറ്റ് പേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട സംഭവവികാസങ്ങൾക്കിടെ നിരവധി വിദ്യാർഥികൾ ആത്മഹത്യ ചെയ്തതായും അദ്ദേഹം ചൂണ്ടിക്കാട്ടി. സർക്കാരിനോട് ചോദ്യങ്ങൾ ചോദിക്കുന്നവരെ രാജ്യദ്രോഹികളായി ചിത്രീകരിക്കുന്ന സമീപനമാണ് കേന്ദ്രം സ്വീകരിക്കുന്നതെന്നും ഖാർഗെ പറഞ്ഞു.
ഇതിനിടെ, കഴിഞ്ഞ ഞായറാഴ്ച നടന്ന നീറ്റ് പുനഃപരീക്ഷയ്ക്ക് പിന്നാലെ ഉത്തർപ്രദേശിലെ ജലൗൺ സ്വദേശിനിയായ 19-കാരി ചഞ്ചൽ ഭാരതി ആത്മഹത്യ ചെയ്ത സംഭവം വലിയ ചർച്ചയായി മാറിയിട്ടുണ്ട്. പരീക്ഷയ്ക്ക് ശേഷം കടുത്ത മാനസിക സമ്മർദ്ദം അനുഭവിച്ചിരുന്നുവെന്നാണ് കുടുംബത്തിന്റെ ആരോപണം. ചഞ്ചലിന്റെ മുറിയിൽ നിന്ന് നീറ്റ് ചോദ്യപേപ്പറും ആത്മഹത്യാക്കുറിപ്പും കണ്ടെത്തിയതായും റിപ്പോർട്ടുകളുണ്ട്.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാന്റെ രാജി ആവശ്യപ്പെട്ട് വിവിധ വിദ്യാർഥി-യുവജന സംഘടനകൾ നടത്തുന്ന പ്രതിഷേധം ശക്തമാവുകയാണ്. പ്രതിഷേധങ്ങളെ തള്ളിക്കളഞ്ഞ മന്ത്രി, രാജ്യത്തെ ഭിന്നിപ്പിക്കാൻ ശ്രമിക്കുന്നവരാണ് സമരത്തിന് പിന്നിലെന്നും ജന്തർ മന്തറിലെ പ്രതിഷേധങ്ങളിൽ വിദ്യാർഥികളുടെ പങ്കാളിത്തം വളരെ കുറവാണെന്നും ആരോപിച്ചിരുന്നു.
