രാമക്ഷേത്രത്തിലെ സംഭാവന തട്ടിപ്പുകേസിൽ നിർണായക സിസിടിവി ദൃശ്യങ്ങൾ അന്വേഷണ സംഘത്തിന് ലഭിച്ചു. പ്രതികൾ പണവും ആഭരണങ്ങളും മോഷ്ടിക്കുകയും നോട്ടുകെട്ടുകൾ വസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്.
ഏപ്രിൽ 25 മുതൽ ജൂൺ 5 വരെയുള്ള 39 ദിവസത്തെ സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ച പ്രത്യേക അന്വേഷണ സംഘം , ഈ കാലയളവിൽ 70 തവണ തട്ടിപ്പ് നടന്നതായി കണ്ടെത്തി. 500 രൂപ നോട്ടുകെട്ടുകൾ ആവർത്തിച്ച് കുറയുന്നതും അന്വേഷണത്തിൽ കണ്ടെത്തിയിട്ടുണ്ട്.
സംഭാവന പെട്ടിയിൽ നിന്നുള്ള ആഭരണങ്ങളുടെ കൃത്യമായ പട്ടിക വൈകിയാണ് തയ്യാറാക്കിയിരുന്നതെന്നും, ഇത് തട്ടിപ്പിന് അവസരമൊരുക്കിയെന്നും അന്വേഷണ സംഘം വ്യക്തമാക്കി. മോഷ്ടിച്ച പണം ക്ഷേത്രത്തിലെ ശൗചാലയത്തിൽ സൂക്ഷിച്ച ശേഷം പുറത്തേക്ക് കടത്തിയതായും കണ്ടെത്തിയിട്ടുണ്ട്.
കേസുമായി ബന്ധപ്പെട്ട് ബാങ്ക് ജീവനക്കാരുൾപ്പെടെ കൂടുതൽ പേരെ ചോദ്യം ചെയ്യാനാണ് അന്വേഷണ സംഘത്തിന്റെ തീരുമാനം. ജുഡീഷ്യൽ കസ്റ്റഡിയിലുള്ള എട്ട് പ്രതികളെ വീണ്ടും കസ്റ്റഡിയിൽ വാങ്ങി വിശദമായി ചോദ്യം ചെയ്യുമെന്നും അധികൃതർ അറിയിച്ചു.
അതേസമയം, ക്ഷേത്ര ട്രസ്റ്റിന്റെ മുൻ ജനറൽ സെക്രട്ടറി ചമ്പത് റായിക്കെതിരെയും അന്വേഷണം വ്യാപിപ്പിക്കണമെന്ന് പ്രതിപക്ഷം ആവശ്യപ്പെട്ടിട്ടുണ്ട്.
