സൗദി അറേബ്യയിലേക്കും അവിടെ നിന്ന് പുറത്തേക്കും യാത്ര ചെയ്യുന്നവർക്ക് പുതിയ നിർദേശങ്ങളുമായി സൗദി സർക്കാർ. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിനുള്ള നടപടികളുടെ ഭാഗമായി പണം, സ്വർണം, ആഭരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ ഗതാഗതത്തിൽ നിയന്ത്രണങ്ങൾ കൂടുതൽ കർശനമാക്കി. ഇതിന്റെ ഭാഗമായി മുൻപ് നിലവിലുണ്ടായിരുന്ന 60,000 സൗദി റിയാൽ പ്രഖ്യാപന പരിധി 40,000 റിയാലായി കുറച്ചിട്ടുണ്ട്.
സൗദി സകാത്ത്, നികുതി, കസ്റ്റംസ് അതോറിറ്റി നടപ്പിലാക്കുന്ന പുതിയ ചട്ടപ്രകാരം 40,000 സൗദി റിയാലോ അതിൽ കൂടുതലോ മൂല്യമുള്ള പണം, സ്വർണം, വിലയേറിയ ലോഹങ്ങൾ, രത്നങ്ങൾ, ആഭരണങ്ങൾ എന്നിവ കൈവശം വച്ച് യാത്ര ചെയ്യുന്നവർ കസ്റ്റംസ് അധികൃതർക്ക് നിർബന്ധമായും രേഖാമൂലമുള്ള പ്രഖ്യാപനം നൽകണം. കൂടാതെ, അവയുടെ വാങ്ങൽ രേഖകളും ഇൻവോയ്സുകളും ഹാജരാക്കേണ്ടതുണ്ട്.
നിയമം ലംഘിക്കുന്നവർക്കെതിരെ കർശന നടപടിയുണ്ടാകുമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകി. ആവശ്യമായ വിവരങ്ങൾ വെളിപ്പെടുത്താതിരുന്നാൽ ബന്ധപ്പെട്ട വസ്തുക്കൾ 72 മണിക്കൂർ വരെ താൽക്കാലികമായി പിടിച്ചുവെക്കാം. ആദ്യമായി നിയമലംഘനം നടത്തുന്നവർക്ക്, കള്ളപ്പണം വെളുപ്പിക്കൽ ഉദ്ദേശ്യമില്ലെന്ന് കണ്ടെത്തിയാൽ, പിടിച്ചെടുത്ത വസ്തുക്കളുടെ മൂല്യത്തിന്റെ 10 മുതൽ 25 ശതമാനം വരെ പിഴ ഈടാക്കും. ആവർത്തിച്ചുള്ള നിയമലംഘനങ്ങൾക്ക് പിഴ 50 ശതമാനം വരെ ഉയരാനും സാധ്യതയുണ്ട്.
ക്രിമിനൽ ഉദ്ദേശ്യമോ കള്ളപ്പണം വെളുപ്പിക്കൽ സംശയമോ ഉണ്ടെങ്കിൽ കേസ് പബ്ലിക് പ്രോസിക്യൂഷന് കൈമാറുമെന്നും അധികൃതർ അറിയിച്ചു. ഇന്ത്യയിലേക്കും മറ്റ് ഗൾഫ് രാജ്യങ്ങളിലേക്കും യാത്ര ചെയ്യുന്ന പ്രവാസികളെ പ്രധാനമായും ബാധിക്കുന്നതാണ് പുതിയ നിയന്ത്രണങ്ങൾ.
യാത്രക്കാർ കൈവശം വയ്ക്കുന്ന സ്വർണം, ആഭരണങ്ങൾ തുടങ്ങിയ വിലപിടിപ്പുള്ള വസ്തുക്കളുടെ യഥാർത്ഥ രസീതുകൾ സൂക്ഷിക്കണമെന്നും യാത്രയ്ക്ക് മുമ്പ് നിലവിലുള്ള കസ്റ്റംസ് ചട്ടങ്ങൾ പരിശോധിക്കണമെന്നും അധികൃതർ നിർദേശിച്ചു.
