അന്താരാഷ്‌ട്ര ക്രൂഡ് ഓയിൽ വില ഇടിഞ്ഞിട്ടും ഇന്ധനവില കുറയാത്തത് എന്തുകൊണ്ട്?; കേന്ദ്രത്തിനെതിരെ ഖാർഗെ

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില ഗണ്യമായി കുറഞ്ഞിട്ടും രാജ്യത്ത് പെട്രോൾ, ഡീസൽ വില കുറയ്ക്കാത്തതിനെതിരെ കേന്ദ്ര സർക്കാരിനെ വിമർശിച്ച് എഐസിസി പ്രസിഡന്റ് മല്ലികാർജ്ജുൻ ഖാർഗെ . സാധാരണക്കാരെ വെറും നികുതി പിരിവിന്റെ സ്രോതസ്സുകളായി മാത്രമാണ് കേന്ദ്ര സർക്കാർ കാണുന്നതെന്നും അദ്ദേഹം ആരോപിച്ചു.

പശ്ചിമേഷ്യയിലെ സംഘർഷകാലത്ത് ഒരു ബാരൽ ക്രൂഡ് ഓയിലിന്റെ വില 138 ഡോളറിലെത്തിയപ്പോഴും രാജ്യത്ത് പെട്രോളിന്റെ വില ഏകദേശം 94.77 രൂപയായിരുന്നു എന്ന് ഖാർഗെ ചൂണ്ടിക്കാട്ടി. എന്നാൽ നിലവിൽ ക്രൂഡ് ഓയിൽ വില 70 മുതൽ 82 ഡോളർ വരെയായി കുറഞ്ഞിട്ടും പല സംസ്ഥാനങ്ങളിലും പെട്രോൾ വില 101 മുതൽ 111 രൂപ വരെയും ഡീസൽ 95 മുതൽ 100 രൂപ വരെയും തുടരുകയാണെന്ന് അദ്ദേഹം പറഞ്ഞു.

അന്താരാഷ്ട്ര വിപണിയിൽ എണ്ണവില കുറഞ്ഞതിന്റെ ഗുണം ജനങ്ങളിലേക്ക് കൈമാറാത്തത് എന്തുകൊണ്ടാണെന്ന് ചോദിച്ച ഖാർഗെ, ബിജെപി സർക്കാർ ജനങ്ങളുടെ പോക്കറ്റ് കാലിയാക്കുകയാണെന്നും ആരോപിച്ചു. യുദ്ധസാഹചര്യങ്ങൾ ചൂണ്ടിക്കാട്ടി വാണിജ്യ എൽപിജി സിലിണ്ടറുകളുടെ വില വർധിപ്പിച്ചെങ്കിലും, വിപണി സ്ഥിതി സാധാരണ നിലയിലായിട്ടും വില കുറയ്ക്കാത്തതും അദ്ദേഹം ചോദ്യം ചെയ്തു.

അതേസമയം, ഇന്ധനവില നിർണയത്തിൽ അന്താരാഷ്ട്ര ക്രൂഡ് ഓയിൽ വില മാത്രമല്ല സ്വാധീനിക്കുന്നതെന്ന് സാമ്പത്തിക വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. ഇന്ത്യയുടെ എണ്ണ ആവശ്യത്തിന്റെ 85 ശതമാനത്തിലധികവും ഇറക്കുമതിയെയാണ് ആശ്രയിക്കുന്നത്. മുൻകാലങ്ങളിൽ എണ്ണവില ഉയർന്നതിനെ തുടർന്ന് സർക്കാർ എണ്ണക്കമ്പനികൾക്കുണ്ടായ നഷ്ടം നികത്തേണ്ടതും, രൂപയുടെ മൂല്യത്തിലുണ്ടാകുന്ന ഏറ്റക്കുറച്ചിലുകളും, കേന്ദ്ര-സംസ്ഥാന നികുതികളും, ഇറക്കുമതി ചെയ്യുന്ന എണ്ണ രാജ്യത്ത് എത്താൻ എടുക്കുന്ന സമയവും ആഭ്യന്തര ഇന്ധനവിലയെ ബാധിക്കുന്ന പ്രധാന ഘടകങ്ങളാണ്.

ഇന്ധനവില കുറയ്ക്കണമെന്ന പ്രതിപക്ഷ ആവശ്യം ശക്തമാകുന്നതിനിടെ, നികുതി ഘടനയിലും വിലനിർണയ രീതിയിലും മാറ്റം വരുത്തുമോയെന്നതാണ് ഇനി ജനങ്ങൾ ഉറ്റുനോക്കുന്നത്.

മറുപടി രേഖപ്പെടുത്തുക