ഛത്തീസ്ഗഢ് സംസ്ഥാനത്തിലെ ജാഷ്പൂര്‍ ജില്ലയിലെ വനമേഖലയില്‍ ഒരു സ്വകാര്യ ചാര്‍ട്ടേഡ് വിമാനം മരത്തിലിടിച്ച് തകര്‍ന്ന് വീണതായി റിപ്പോര്‍ട്ട്. അപകടത്തില്‍ രണ്ട് പൈലറ്റുമാരും മരിച്ചതായി വിവരമുണ്ട്. നാരായണ്‍പൂര്‍ പൊലീസ് സ്റ്റേഷന്‍ പരിധിയിലെ ഖുരാസഗഢ ഗ്രാമത്തിന് സമീപമുള്ള രതന്‍പഹ്ലി വനത്തിലാണ് സംഭവം നടന്നത്.
പ്രാഥമിക വിവരങ്ങള്‍ പ്രകാരം, ഭൂനിരപ്പില്‍ നിന്ന് ഏകദേശം 30 അടി ഉയരത്തില്‍ മാത്രം പറന്നുകൊണ്ടിരുന്ന ചെറിയ ഒറ്റ എഞ്ചിന്‍ പ്രൊപ്പല്ലര്‍ വിമാനം മരത്തിലിടിച്ച് താഴേക്ക് പതിക്കുകയായിരുന്നു. അപകടത്തിന് മുന്‍പ് വിമാനം അസാധാരണമായി താഴ്ന്ന് മരങ്ങള്‍ക്കുമുകളില്‍ പറക്കുന്ന ദൃശ്യങ്ങളും പുറത്തുവന്നിട്ടുണ്ട്.
സംഭവസ്ഥലത്തേക്ക് രക്ഷാപ്രവര്‍ത്തകര്‍ എത്തിച്ചേരുകയാണ്. സ്ഥിതിഗതികള്‍ വിലയിരുത്തുന്നുണ്ടെന്ന് അധികൃതര്‍ അറിയിച്ചു. എന്നാല്‍ അപകടത്തെ കുറിച്ചുള്ള ഔദ്യോഗിക സ്ഥിരീകരണം ഇനിയും പുറത്തുവന്നിട്ടില്ലെന്നും കൂടുതല്‍ വിവരങ്ങള്‍ ലഭ്യമാകാനുണ്ടെന്നും ബന്ധപ്പെട്ടവര്‍ വ്യക്തമാക്കി.
