പശ്ചിമ ബംഗാളിലെ 11 വയസുകാരിയുടെ പീഡന-കൊലക്കേസ്; മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടു

പശ്ചിമബംഗാളിലെ ബറുയിപൂരിൽ 11 വയസുകാരിയെ ബലാത്സംഗം ചെയ്ത് കൊലപ്പെടുത്തിയ കേസിലെ മുഖ്യപ്രതി പൊലീസ് ഏറ്റുമുട്ടലിൽ കൊല്ലപ്പെട്ടതായി അധികൃതർ അറിയിച്ചു. പ്രവാഷ് മൊണ്ടൽ എന്ന പ്രതിയാണ് തെളിവെടുപ്പിനിടെ പൊലീസിന്റെ തോക്ക് തട്ടിയെടുത്ത് ആക്രമിക്കാൻ ശ്രമിക്കുകയും രക്ഷപ്പെടാൻ ശ്രമിക്കുകയും ചെയ്തതിനെ തുടർന്ന് വെടിയേറ്റ് മരിച്ചതെന്നാണ് പൊലീസിന്റെ വിശദീകരണം.

കേസുമായി ബന്ധപ്പെട്ട് അറസ്റ്റിലായ മൂന്ന് പ്രതികളിൽ ഒരാളായിരുന്നു പ്രവാഷ് മൊണ്ടൽ. ആനന്ദ് സർദാർ, ദിബാകർ സർദാർ എന്നിവരാണ് കേസിലെ മറ്റ് പ്രതികൾ. പ്രതിയെ തെളിവെടുപ്പിനായി കൊണ്ടുപോയ സമയത്താണ് സംഭവം നടന്നതെന്നാണ് പൊലീസ് പറയുന്നത്.

കഴിഞ്ഞ ശനിയാഴ്ചയാണ് പെൺകുട്ടിയെ കാണാതായത്. സുഹൃത്തിന്റെ ജന്മദിനത്തിനായി സമ്മാനം വാങ്ങാൻ വീട്ടിൽ നിന്ന് പോയ കുട്ടി രാത്രി വൈകിയും തിരിച്ചെത്താതിരുന്നതോടെ കുടുംബാംഗങ്ങൾ തിരച്ചിൽ ആരംഭിച്ചു. തുടർന്ന് പ്രദേശവാസികളുടെ സഹായത്തോടെ നടത്തിയ അന്വേഷണത്തിനൊടുവിൽ പെൺകുട്ടിയുടെ മൃതദേഹം സൂര്യപൂർ ഹാട്ട് പ്രദേശത്തെ ഒരു കുളത്തിന് സമീപം ചാക്കിൽ കെട്ടിയ നിലയിൽ കണ്ടെത്തുകയായിരുന്നു.

സംഭവത്തിൽ നാല് പേർ ചേർന്ന് കുട്ടിയെ തട്ടിക്കൊണ്ടുപോയെന്നാണ് ബന്ധുക്കൾ ആരോപിച്ചത്. കേസിൽ സംശയിക്കപ്പെട്ട ഒരാളെ നാട്ടുകാർ പിടികൂടി മർദിച്ചതിനെ തുടർന്ന് ഇയാൾ മരിച്ചതായും റിപ്പോർട്ടുകളുണ്ട്.

പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയതിന് പിന്നാലെ പ്രദേശത്ത് വലിയ പ്രതിഷേധം ഉയർന്നു. സംഭവത്തെ തുടർന്ന് ബറുയിപൂർ മേഖലയിൽ സംഘർഷാവസ്ഥ തുടരുകയാണ്. കേസിന്റെ തുടർ അന്വേഷണം പശ്ചിമബംഗാൾ പൊലീസ് നടത്തിവരികയാണ്.

മറുപടി രേഖപ്പെടുത്തുക