കേന്ദ്രസർക്കാർ 54,282.32 കോടി രൂപ ചെലവഴിച്ചതിന് കണക്കില്ല; ഗുരുതര കണ്ടെത്തലുമായി സിഎജി

കേന്ദ്ര സർക്കാരിന്റെ സാമ്പത്തിക ഇടപാടുകളുമായി ബന്ധപ്പെട്ട് ഗുരുതര കണ്ടെത്തലുകൾ പുറത്ത് വിട്ട് സിഎജി . ഏകദേശം 54,282.32 കോടി രൂപയുടെ ചെലവുകൾക്ക് ആവശ്യമായ കണക്കുകളും വിനിയോഗ സർട്ടിഫിക്കറ്റുകളും ഹാജരാക്കിയിട്ടില്ലെന്നാണ് റിപ്പോർട്ട് ചൂണ്ടിക്കാട്ടുന്നത്. 15 മന്ത്രാലയങ്ങളും വകുപ്പുകളും ചേർന്നാണ് ഈ തുക ചെലവഴിച്ചതെന്നാണ് വിലയിരുത്തൽ.

എന്നാൽ, ചെലവുകളുടെ വിശദാംശങ്ങളോ വിനിയോഗ സർട്ടിഫിക്കറ്റുകളോ സമർപ്പിക്കാത്തത് പൊതുസാമ്പത്തിക ചട്ടങ്ങളിലെ 238(1), (2) വകുപ്പുകളുടെ ലംഘനമാണെന്ന് റിപ്പോർട്ടിൽ പറയുന്നു. ആകെ 33,973 വിനിയോഗ സർട്ടിഫിക്കറ്റുകളാണ് ഹാജരാക്കാനുള്ളത്. 2021–22 മുതൽ 2023–24 വരെ മൂന്ന് വർഷങ്ങളിൽ അനുവദിച്ച 38,287.52 കോടി രൂപയ്ക്കും ഇതുമായി ബന്ധപ്പെട്ട 13,926 സർട്ടിഫിക്കറ്റുകളും സമർപ്പിച്ചിട്ടില്ലെന്ന് കണ്ടെത്തി.

മന്ത്രാലയങ്ങളിലെ പ്രത്യേകമായ കുറവുകളും റിപ്പോർട്ട് ചൂണ്ടിക്കാണിക്കുന്നു. ഭവന, നഗരകാര്യ മന്ത്രാലയത്തിന് 8,272.91 കോടി രൂപയുടെ വിനിയോഗ സർട്ടിഫിക്കറ്റുകൾ ബാക്കി നിൽക്കുന്നു. അതേസമയം, ഉന്നതവിദ്യാഭ്യാസ വകുപ്പിൽ 14,359.26 കോടി രൂപയുടെ സർട്ടിഫിക്കറ്റുകൾ സമർപ്പിക്കാനുണ്ട്. കൂടാതെ, 12,754.47 കോടി രൂപയുടെ കണക്കുകളിൽ തെറ്റായ വർഗീകരണം നടന്നതായും റിപ്പോർട്ട് വ്യക്തമാക്കുന്നു.

ലെവി, സെസ് എന്നീ ഇനങ്ങളിൽ പിരിച്ചെടുത്ത 9,222 കോടി രൂപ ബന്ധപ്പെട്ട പദ്ധതികൾക്ക് മുഴുവൻ കൈമാറിയിട്ടില്ലെന്നും കണ്ടെത്തൽ പറയുന്നു. ഫണ്ടുകൾ അനുവദിച്ച ലക്ഷ്യങ്ങൾക്കു പുറത്തായി വിനിയോഗിച്ചതായും സൂചനയുണ്ട്. 2024–25 സാമ്പത്തിക വർഷത്തെ അക്കൗണ്ടുകൾ പരിശോധിച്ചാണ് സി.എ.ജി ഈ കണ്ടെത്തലുകൾ പുറത്തുവിട്ടത്. സർക്കാർ ഫണ്ടുകളുടെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കേണ്ട സാഹചര്യത്തിൽ ഇത്തരം വീഴ്ചകൾ ഗൗരവമായി പരിഗണിക്കപ്പെടേണ്ടതാണെന്നാണ് വിലയിരുത്തൽ.

മറുപടി രേഖപ്പെടുത്തുക