സ്റ്റട്ട്ഗാർട്ട് ഓപ്പൺ കിരീടം റൈബാകിനക്ക്; മുച്ചോവയെ പരാജയപ്പെടുത്തി രണ്ടാം ടൈറ്റിൽ

ജർമ്മനിയിലെ WTA സ്റ്റുട്ട്ഗാർട്ട് ഇൻഡോർ ക്ലേ കോർട്ട് ടൂർണമെന്റ് ഫൈനലിൽ ചെക്ക് താരം കരോലിന മുച്ചോവയെ പരാജയപ്പെടുത്തി എലീന റൈബാകിന കിരീടം സ്വന്തമാക്കി. 7-5, 6-1 എന്ന സ്കോറിലായിരുന്നു റൈബാകിനയുടെ ജയം.

ടോപ് സീഡായ റൈബാകിന ആദ്യ സെറ്റിൽ ശക്തമായ പ്രകടനം കാഴ്ചവെച്ചു. 53 മിനിറ്റ് നീണ്ട പോരാട്ടത്തിനൊടുവിൽ ഏഴാം സീഡായ മുച്ചോവയ്‌ക്കെതിരെ രണ്ട് ബ്രേക്ക് നേടി ആദ്യ സെറ്റ് സ്വന്തമാക്കുകയായിരുന്നു.

രണ്ടാം സെറ്റിൽ റൈബാകിന പൂര്‍ണ ആധിപത്യം പുലർത്തി. 5-0 എന്ന ലീഡ് നേടിയ ശേഷം മത്സരം എളുപ്പത്തിൽ സ്വന്തമാക്കി. തന്റെ സർവീസ് ഗെയിമുകളിൽ മുച്ചോവക്ക് തിരിച്ചുവരവ് സാധിക്കാതിരുന്നപ്പോൾ, ഒരു മണിക്കൂർ 18 മിനിറ്റ് നീണ്ട മത്സരത്തിനൊടുവിൽ റൈബാകിന വിജയം ഉറപ്പിച്ചു.

ഈ വിജയത്തോടെ റൈബാകിന ഈ വർഷത്തെ രണ്ടാം കിരീടവും കരിയറിലെ 13-ാം ടൈറ്റിലും സ്വന്തമാക്കി.

മറുപടി രേഖപ്പെടുത്തുക