കോടികളുടെ പാർട്ടി ഫണ്ട് തട്ടിപ്പ് ആരോപണവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ ബിജെപി നേതൃത്വത്തെ പരിഹസിച്ച് തൃക്കരിപ്പൂർ എംഎൽഎ സന്ദീപ് വാര്യർ. ബിജെപി സംസ്ഥാന സെക്രട്ടറി അഞ്ജനാ രഞ്ജിത്തിനെതിരെ സാമ്പത്തിക ക്രമക്കേട് ആരോപണങ്ങൾ ഉയർന്നതിനെ തുടർന്ന് പാർട്ടി നടപടിയെടുത്തതായും ഓഫീസ് ചുമതലകളിൽ നിന്ന് മാറ്റിനിർത്തിയതായും റിപ്പോർട്ടുകൾ പുറത്തുവന്ന പശ്ചാത്തലത്തിലായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.
ഫേസ്ബുക്ക് കുറിപ്പിലൂടെയാണ് സന്ദീപ് വാര്യർ ബിജെപിയെ വിമർശിച്ചത്. ഉത്തർപ്രദേശിലെ രാമക്ഷേത്ര നിർമാണവുമായി ബന്ധപ്പെട്ട് മുമ്പ് ഉയർന്ന ഫണ്ട് തട്ടിപ്പ് ആരോപണങ്ങളെ പരാമർശിച്ചായിരുന്നു അദ്ദേഹത്തിന്റെ പരിഹാസം.
“ഒരു കുഞ്ഞു രാമക്ഷേത്രം ഇവിടെയും ഉണ്ടാക്കി കൊടുത്തിരുന്നെങ്കിൽ ബിജെപി നേതാക്കൾ പാർട്ടി ഫണ്ട് മോട്ടിക്കാൻ നടക്കുമായിരുന്നോ? അവിടെ നിന്ന് അടിച്ച് മാറ്റി ജീവിക്കുമായിരുന്നില്ലേ?” എന്നായിരുന്നു സന്ദീപ് വാര്യരുടെ ഫേസ്ബുക്ക് കുറിപ്പ്.
സംസ്ഥാന ബിജെപി നേതാക്കൾക്കെതിരെ ഫണ്ട് തട്ടിപ്പ് ആരോപണങ്ങളുടെ അടിസ്ഥാനത്തിൽ നടപടിയെടുത്തുവെന്നാണ് അറിയുന്നതെന്നും, എന്നാൽ ഫണ്ട് ചോർച്ചയുടെ യഥാർഥ ഉത്തരവാദിത്തം കേന്ദ്ര നേതൃത്വത്തിനാണെന്ന തരത്തിലും അദ്ദേഹം പരിഹാസമുയർത്തി. അതേസമയം, പാർട്ടി ഫണ്ടുമായി ബന്ധപ്പെട്ട ആരോപണങ്ങളും അതിനെ തുടർന്നുണ്ടായ നടപടികളും ബിജെപി സംസ്ഥാന നേതൃത്വത്തിനുള്ളിൽ പുതിയ രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്.
