തമിഴ്‌നാട്ടിലെ പുതിയ സർക്കാർ രൂപീകരണവുമായി ബന്ധപ്പെട്ട് ടിവികെ നേതാവ് വിജയ്‌യുടെ നാളത്തെ സത്യപ്രതിജ്ഞയിൽ വീണ്ടും അനിശ്ചിതത്വം. ലഭിച്ച പിന്തുണ കത്തുകളുടെ എണ്ണവും പാർട്ടികളുടെ നിലപാടുകളും സംബന്ധിച്ച് വ്യക്തത ഇല്ലാത്തതിനെ തുടർന്നാണ് നടപടികൾ തടസ്സപ്പെട്ടത്.
ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചതനുസരിച്ച് 116 അംഗങ്ങളുടെ പിന്തുണ കത്ത് മാത്രമാണ് നിലവിൽ സമർപ്പിച്ചിരിക്കുന്നത്. കോൺഗ്രസ്, സിപിഐഎം, സിപിഐ പാർട്ടികളുടെ കത്തുകൾ മാത്രമാണ് കൈമാറിയതെന്നും, വിസികെ, മുസ്ലിം ലീഗ് പാർട്ടികളുടെ പിന്തുണ കത്തുകൾ ഇതുവരെ ലഭിച്ചിട്ടില്ലെന്നും അധികൃതർ വ്യക്തമാക്കി.
ഈ സാഹചര്യത്തിൽ നാളെ സത്യപ്രതിജ്ഞയ്ക്ക് അനുമതി നൽകിയിട്ടില്ലെന്നും, വിജയ്‌യെ സർക്കാർ രൂപീകരണത്തിനായി ഔദ്യോഗികമായി ക്ഷണിക്കാവുന്ന നിലയിലേക്ക് കാര്യങ്ങൾ എത്തിയിട്ടില്ലെന്നും ലോക്ഭവൻ വൃത്തങ്ങൾ അറിയിച്ചു. എന്നാൽ പ്രശ്നപരിഹാരത്തിനായി തീവ്ര ശ്രമങ്ങൾ തുടരുകയാണ്.
വിസികെയുടെ നിലപാടിൽ ഇപ്പോഴും അവ്യക്തത തുടരുന്നുണ്ടെന്ന് റിപ്പോർട്ടുകൾ പറയുന്നു. പാർട്ടി ഉപമുഖ്യമന്ത്രി പദവി ആവശ്യപ്പെട്ടിരിക്കാമെന്ന അഭ്യൂഹങ്ങളും ഉയർന്നിട്ടുണ്ട്. വിസികെ അധ്യക്ഷൻ തിരുമാവലവൻ തമിഴ്നാട് മുഖ്യമന്ത്രി എം.കെ. സ്റ്റാലിനെ സന്ദർശിച്ചതായും സൂചനയുണ്ട്.
അതേസമയം മുസ്ലിം ലീഗ് പിന്തുണ കത്ത് നൽകാൻ തയ്യാറാകില്ലെന്ന് അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്. വിസികെയും ലീഗും സ്വീകരിക്കുന്ന നിലപാടുകളിലെ അനിശ്ചിതത്വമാണ് നിലവിലെ രാഷ്ട്രീയ പ്രതിസന്ധിക്ക് കാരണമെന്നാണ് വിലയിരുത്തൽ.
ഇതിനിടെ സെക്രട്ടറിയേറ്റിൽ സത്യപ്രതിജ്ഞയ്ക്കായുള്ള ക്ഷണക്കത്തിന്റെ മാതൃക തയ്യാറായിരുന്നുവെങ്കിലും ഗവർണറുടെ അനുമതി ലഭിക്കാത്തതിനാൽ അച്ചടിയിലേക്ക് പോകാനായിട്ടില്ല. നാളെ രാവിലെ 11 മണിക്ക് ചെന്നൈയിലെ നെഹ്റു ഇൻഡോർ സ്റ്റേഡിയത്തിൽ സത്യപ്രതിജ്ഞ നടത്തുമെന്നായിരുന്നു ആദ്യം പ്രഖ്യാപിച്ചിരുന്നത്. എന്നാൽ ഇപ്പോഴത്തെ സാഹചര്യത്തിൽ ചടങ്ങ് സംബന്ധിച്ച അന്തിമ തീരുമാനം അനിശ്ചിതത്വത്തിലാണ്.
