നിർബന്ധിത സൈനിക ചോദ്യാവലി പൂരിപ്പിക്കാത്ത യുവാക്കൾക്ക് പിഴ; ജർമ്മനിയിൽ പുതിയ നീക്കത്തിന് തയ്യാറെടുപ്പ്

പുതിയ സൈനിക റിക്രൂട്ട്‌മെന്റ് പദ്ധതിയുടെ ഭാഗമായി നിർബന്ധിത സൈനിക ചോദ്യാവലി പൂരിപ്പിക്കാത്ത യുവാക്കൾക്ക് പിഴ ചുമത്താൻ ജർമ്മനി ആലോചിക്കുന്നതായി റിപ്പോർട്ട്. ജർമ്മൻ മാധ്യമമായ ഡെർ സ്പീഗൽ ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തത്. 2030കളുടെ മധ്യത്തോടെ നിലവിലെ 1.86 ലക്ഷം സൈനികരുടെ എണ്ണം 2.6 ലക്ഷത്തിലേറെയാക്കി ഉയർത്തുകയാണ് ജർമ്മനിയുടെ ലക്ഷ്യം.

യൂറോപ്യൻ യൂണിയന്റെ വിപുലമായ പ്രതിരോധ പദ്ധതികളുടെ ഭാഗമായാണ് ബുണ്ടസ്വെഹർ സൈന്യത്തെ വേഗത്തിൽ ശക്തിപ്പെടുത്താനുള്ള നീക്കങ്ങൾ പുരോഗമിക്കുന്നത്. ഈ സൈനിക വികസനത്തിന് പിന്നിൽ റഷ്യൻ ഭീഷണിയാണെന്ന് ജർമ്മൻ അധികൃതർ ആവർത്തിച്ച് ചൂണ്ടിക്കാട്ടുന്നുണ്ടെങ്കിലും, റഷ്യ ഇത് “അസംബന്ധം” എന്ന് തള്ളിക്കളഞ്ഞിട്ടുണ്ട്.

സർക്കാരിന്റെ ഓൺലൈൻ സർവേ പൂർത്തിയാക്കാത്ത ഏകദേശം 10,000 യുവാക്കൾക്ക് 250 യൂറോ (ഏകദേശം 294 ഡോളർ) വരെ പിഴ ചുമത്താനാണ് നിലവിലെ ആലോചന. നേരത്തെ 1,000 യൂറോ വരെ പിഴ ഈടാക്കാമെന്ന് അധികൃതർ മുന്നറിയിപ്പ് നൽകിയിരുന്നു. പ്രതിരോധ മന്ത്രി ബോറിസ് പിസ്റ്റോറിയസ് മുന്നോട്ടുവച്ച സന്നദ്ധ സൈനിക സേവന പദ്ധതിയുടെ ഭാഗമായാണ് ചോദ്യാവലി അവതരിപ്പിച്ചത്.

ശാരീരികക്ഷമത, ആരോഗ്യസ്ഥിതി, സൈനിക സേവനത്തിനുള്ള സന്നദ്ധത തുടങ്ങിയ വിവരങ്ങളാണ് ഇതിലൂടെ ശേഖരിക്കുന്നത്. പുതിയ നിയമപ്രകാരം 18 വയസ് തികഞ്ഞ എല്ലാ ജർമ്മൻ പുരുഷന്മാരും ഫോം പൂരിപ്പിക്കുകയും മെഡിക്കൽ പരിശോധനയ്ക്ക് വിധേയരാകുകയും വേണം. സൈന്യത്തിൽ ആളുകളുടെ കുറവ് നേരിടുന്ന സാഹചര്യം ഉണ്ടാകുകയാണെങ്കിൽ ലോട്ടറി അടിസ്ഥാനത്തിൽ നിയമനം നടത്താനും നിയമത്തിൽ വ്യവസ്ഥയുണ്ട്. നിർബന്ധിത സൈനിക സേവനം തിരിച്ചുകൊണ്ടുവരാനുള്ള നീക്കത്തിനെതിരെ മാർച്ചിൽ ബെർലിനിൽ ആയിരക്കണക്കിന് ഹൈസ്കൂൾ വിദ്യാർത്ഥികൾ പ്രതിഷേധിച്ചിരുന്നു.

2011ലാണ് ജർമ്മനി നിർബന്ധിത സൈനിക സേവനം അവസാനിപ്പിച്ചത്. എന്നാൽ അടുത്തകാലത്തായി ഇത് വീണ്ടും പുനഃസ്ഥാപിക്കാമെന്ന സൂചനകൾ പ്രതിരോധമന്ത്രി ഉൾപ്പെടെയുള്ള നേതാക്കൾ നൽകുന്നുണ്ട്. 2028ഓടെ റഷ്യ ഒരു നാറ്റോ അംഗരാജ്യത്തെ ആക്രമിക്കാമെന്ന മുന്നറിയിപ്പും ബോറിസ് പിസ്റ്റോറിയസ് മുമ്പ് ഉന്നയിച്ചിരുന്നു. യൂറോപ്യൻ യൂണിയനിലെ ഏറ്റവും ശക്തമായ പരമ്പരാഗത സൈനിക ശക്തിയായി ജർമ്മൻ സൈന്യത്തെ മാറ്റുകയാണ് ലക്ഷ്യമെന്ന് ചാൻസലർ ഫ്രെഡറിക് മെർസും വ്യക്തമാക്കിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക