ഉടൻ ഉക്രൈൻ വിടുക; അമേരിക്കയിൽ നിന്നുള്ളവർ ഉൾപ്പെടെയുള്ള വിദേശ നയതന്ത്രജ്ഞർക്ക് കർശന മുന്നറിയിപ്പുമായി റഷ്യ

റഷ്യ–ഉക്രെയ്ൻ യുദ്ധം കൂടുതൽ ഗുരുതരമായ ഘട്ടത്തിലേക്ക് കടക്കുന്നതിനിടെ, ഉക്രെയ്ൻ തലസ്ഥാനമായ കീവിനെതിരെ വൻ ആക്രമണങ്ങൾക്ക് തയ്യാറെടുക്കുന്നതായി റഷ്യയുടെ മുന്നറിയിപ്പ്. കഴിഞ്ഞ നാല് വർഷമായി തുടരുന്ന യുദ്ധത്തിനിടെ പുതിയ ഹൈപ്പർസോണിക് ബാലിസ്റ്റിക് മിസൈലായ ‘ഒറെഷ്നിക്’ ഉപയോഗിച്ച റഷ്യ, ഇനി നിർണായക സർക്കാർ-സൈനിക കേന്ദ്രങ്ങളെയാകും ലക്ഷ്യമിടുകയെന്ന് വ്യക്തമാക്കിയിട്ടുണ്ട്.

പ്രസിഡന്റ് വ്ലാദിമിർ സെലൻസ്കി പ്രധാന തീരുമാനങ്ങൾ കൈക്കൊള്ളുന്ന ഭരണകെട്ടിടങ്ങൾ, സൈനിക കമാൻഡ് സെന്ററുകൾ, പ്രതിരോധ വ്യവസായ സ്ഥാപനങ്ങൾ, ഡ്രോൺ നിർമ്മാണ കേന്ദ്രങ്ങൾ എന്നിവ ലക്ഷ്യമിട്ടായിരിക്കും ആക്രമണമെന്ന സൂചനയാണ് റഷ്യ നൽകുന്നത്. ഇതിന്റെ പശ്ചാത്തലത്തിൽ, കീവ് നഗരത്തിലുള്ള വിദേശ നയതന്ത്ര ഉദ്യോഗസ്ഥരും അന്താരാഷ്ട്ര സംഘടനകളുടെ ജീവനക്കാരും ഉടൻ സുരക്ഷിത മേഖലകളിലേക്ക് മാറണമെന്ന് റഷ്യ നിർദ്ദേശിച്ചു.

ഇതിനിടെ തിങ്കളാഴ്ച നിർണായക നയതന്ത്ര നീക്കവും നടന്നു. റഷ്യൻ വിദേശകാര്യ മന്ത്രി Sergey Lavrov യുഎസ് സ്റ്റേറ്റ് സെക്രട്ടറി മാർകോ റുബിയയുമായി ഫോണിൽ സംസാരിച്ചു. കീവിൽ ഉണ്ടാകാനിടയുള്ള ആക്രമണങ്ങളുടെ തീവ്രത ഉയർന്നതായിരിക്കാമെന്നും, അവിടെയുള്ള അമേരിക്കൻ നയതന്ത്ര ഉദ്യോഗസ്ഥരെ സുരക്ഷിത മേഖലകളിലേക്ക് മാറ്റണമെന്നും ലാവ്‌റോവ് മുന്നറിയിപ്പ് നൽകിയതായാണ് റിപ്പോർട്ടുകൾ.

അതേസമയം, സൈനിക-സർക്കാർ കെട്ടിടങ്ങളിൽ നിന്ന് സാധാരണ പൗരന്മാർ അകന്നു നിൽക്കണമെന്ന് റഷ്യൻ വിദേശകാര്യ മന്ത്രാലയവും ഔദ്യോഗിക പ്രസ്താവനയിൽ ആവശ്യപ്പെട്ടു.

റഷ്യ ഇത്തരം ഭീഷണി മുന്നറിയിപ്പുകൾ നൽകുന്നത് ഇതാദ്യമല്ല. മെയ് മാസത്തിന്റെ തുടക്കത്തിൽ റെഡ് സ്ക്വയറിലെ സൈനിക പരേഡ് തടസപ്പെടുത്തിയാൽ കീവ് “നശിപ്പിക്കപ്പെടും” എന്ന തരത്തിലുള്ള മുന്നറിയിപ്പും പുടിൻ ഭരണകൂടം നൽകിയിരുന്നു. എന്നാൽ റഷ്യയുടെ ഇത്തരം ഭീഷണികളെ ഉക്രെയ്ൻ ഇതുവരെ തള്ളിക്കളയുകയാണ് ചെയ്തിരുന്നത്.

രാജ്യത്തെ സംരക്ഷിക്കാൻ തങ്ങൾ സജ്ജമാണെന്നും, റഷ്യയുടെ “മാനസിക യുദ്ധതന്ത്രങ്ങളിൽ” ഭയപ്പെടില്ലെന്നും ഉക്രെയ്ൻ നേതൃത്വം ആവർത്തിച്ച് വ്യക്തമാക്കിയിട്ടുണ്ട്. എന്നിരുന്നാലും, റഷ്യയുടെ പുതിയ സൈനിക നീക്കങ്ങളും മുന്നറിയിപ്പുകളും കണക്കിലെടുക്കുമ്പോൾ അടുത്ത ദിവസങ്ങളിൽ കീവ് നഗരം വലിയ മിസൈൽ ആക്രമണ ഭീഷണിയിലാണെന്ന ആശങ്ക അന്താരാഷ്ട്ര തലത്തിൽ ശക്തമാകുകയാണ്.

മറുപടി രേഖപ്പെടുത്തുക