അമേരിക്കൻ ഡിജിറ്റൽ സേവന കമ്പനികൾക്ക് നികുതി ചുമത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള എല്ലാ ഇറക്കുമതികൾക്കും 100 ശതമാനം തീരുവ ഏർപ്പെടുത്തുമെന്ന് യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് മുന്നറിയിപ്പ് നൽകി. അമേരിക്കൻ സാങ്കേതിക കമ്പനികൾക്കെതിരെ പുതിയ ഡിജിറ്റൽ സേവന നികുതികൾ കൊണ്ടുവരാനുള്ള യൂറോപ്യൻ രാജ്യങ്ങളുടെ നീക്കങ്ങൾക്കിടെയാണ് ട്രംപിന്റെ കടുത്ത പ്രതികരണം.
ട്രൂത്ത് സോഷ്യൽ പ്ലാറ്റ്ഫോമിലൂടെ നടത്തിയ പ്രസ്താവനയിലാണ് ട്രംപ് ഇക്കാര്യം വ്യക്തമാക്കിയത്. അമേരിക്കൻ കമ്പനികൾക്ക് അധിക നികുതി ചുമത്തുന്ന ഏതൊരു രാജ്യത്തിനും യുഎസിലേക്ക് കയറ്റുമതി ചെയ്യുന്ന എല്ലാ ഉൽപ്പന്നങ്ങൾക്കും ഉടൻ 100 ശതമാനം താരിഫ് ബാധകമാക്കുമെന്നും അദ്ദേഹം പറഞ്ഞു.
“അമേരിക്കൻ കമ്പനികളെ ലക്ഷ്യമിട്ട് ഡിജിറ്റൽ സേവന നികുതി ഏർപ്പെടുത്തുന്ന രാജ്യങ്ങളിൽ നിന്നുള്ള ഉൽപ്പന്നങ്ങൾക്ക് കനത്ത തീരുവ ചുമത്തും. അത്തരം രാജ്യങ്ങളുമായുള്ള വ്യാപാര കരാറുകൾ നിലവിലുണ്ടെങ്കിലും ഇല്ലെങ്കിലും ഈ നടപടി ബാധകമാകും,” ട്രംപ് കുറിച്ചു.
യുഎസും യൂറോപ്യൻ രാജ്യങ്ങളും തമ്മിൽ ഡിജിറ്റൽ സേവന നികുതി വിഷയത്തിൽ വർഷങ്ങളായി അഭിപ്രായഭിന്നത നിലനിൽക്കുന്ന സാഹചര്യത്തിലാണ് പുതിയ ഭീഷണി. കഴിഞ്ഞ വർഷം ഇരുപക്ഷവും വ്യാപാര സഹകരണവുമായി ബന്ധപ്പെട്ട ധാരണയിലെത്തിയിരുന്നുവെങ്കിലും ട്രംപിന്റെ പ്രസ്താവന പുതിയ വ്യാപാര സംഘർഷത്തിനുള്ള സാധ്യത ഉയർത്തുകയാണ്.
നിലവിൽ ഫ്രാൻസ്, ഇറ്റലി, സ്പെയിൻ എന്നീ രാജ്യങ്ങൾ ഡിജിറ്റൽ വരുമാനത്തിന് മൂന്ന് ശതമാനം നികുതി ഈടാക്കുന്നുണ്ട്. യുകെ വലിയ സെർച്ച് എഞ്ചിനുകൾ, സോഷ്യൽ മീഡിയ പ്ലാറ്റ്ഫോമുകൾ, ഓൺലൈൻ മാർക്കറ്റ്പ്ലേസുകൾ എന്നിവയ്ക്ക് രണ്ട് ശതമാനം നികുതി ചുമത്തുന്നു. ഓസ്ട്രിയ ഓൺലൈൻ പരസ്യ വരുമാനത്തിന് അഞ്ച് ശതമാനവും തുർക്കി ഡിജിറ്റൽ സേവനങ്ങൾക്ക് 7.5 ശതമാനവും നികുതി ഈടാക്കുന്നുണ്ട്.
ഈ നികുതികൾ പ്രധാനമായും അമേരിക്കൻ ടെക് ഭീമന്മാരായ ഗൂഗിൾ, ആപ്പിൾ, മൈക്രോസോഫ്റ്റ്, മെറ്റ തുടങ്ങിയ കമ്പനികളെ ബാധിക്കുന്നതിനാൽ, അതിനെതിരെ ശക്തമായ നിലപാടാണ് ട്രംപ് സ്വീകരിച്ചിരിക്കുന്നത്. പുതിയ താരിഫ് ഭീഷണി യാഥാർഥ്യമായാൽ യുഎസ്-യൂറോപ്യൻ യൂണിയൻ വ്യാപാര ബന്ധങ്ങളിൽ വീണ്ടും സംഘർഷാവസ്ഥ സൃഷ്ടിക്കപ്പെടുമെന്നാണ് വിലയിരുത്തൽ.
