ഗൗതം അദാനിക്കെതിരായ കേസിൽ യുഎസ് കോടതി കൂടുതൽ വിശദീകരണം തേടിയ നടപടി വെറും സാങ്കേതിക നടപടിമാത്രമാണെന്ന് മുതിർന്ന അമേരിക്കൻ അഭിഭാഷകൻ ക്രിസ് മാൻ വ്യക്തമാക്കി. ഇത് കേസ് മുന്നോട്ട് കൊണ്ടുപോകുമെന്നോ ആരോപണങ്ങൾക്ക് കൂടുതൽ ബലം നൽകുമെന്നോ അർഥമാക്കേണ്ടതില്ലെന്നും അദ്ദേഹം വിശദീകരിച്ചു.
യുഎസ് നിയമത്തിലെ റൂൾ 48(എ) പ്രകാരം ഒരു ക്രിമിനൽ കേസ് പിൻവലിക്കുന്നതിന് നീതിന്യായ വകുപ്പിന് കോടതിയുടെ അനുമതി ആവശ്യമാണ്. അത്തരം സാഹചര്യങ്ങളിൽ ജഡ്ജിമാർ കൂടുതൽ വിശദീകരണം തേടുന്നത് സാധാരണ നടപടിക്രമത്തിന്റെ ഭാഗമാണെന്നും ക്രിസ് മാൻ ചൂണ്ടിക്കാട്ടി. കേസ് തുടരേണ്ടതില്ലെന്ന് സർക്കാർ തീരുമാനിച്ചാൽ, അത് തുടരാൻ പ്രോസിക്യൂട്ടർമാർക്ക് മേൽ സമ്മർദ്ദം ചെലുത്താൻ കോടതിക്ക് സാധിക്കില്ലെന്നും ഇത്തരം വിഷയങ്ങളിൽ കോടതിയുടെ അധികാരം പരിമിതമാണെന്നും അദ്ദേഹം പറഞ്ഞു.
ഇക്കാര്യത്തിൽ കൂടുതൽ വിശദീകരണം നൽകാൻ യുഎസ് നീതിന്യായ വകുപ്പിന് കോടതി ജൂലൈ 13 വരെ സമയം അനുവദിച്ചിട്ടുണ്ട്. ആവശ്യമായ വിശദീകരണം ലഭിച്ചാൽ ഏതാനും ആഴ്ചകൾക്കുള്ളിൽ കേസ് പൂർണമായും തള്ളപ്പെടാൻ സാധ്യതയുണ്ടെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ. ന്യൂയോർക്ക് സിറ്റി മേയർ എറിക് ആഡംസിനെതിരായ അഴിമതിക്കേസിലും സമാന സാഹചര്യം ഉണ്ടായിരുന്നുവെന്നും, കോടതി വിശദീകരണം തേടിയ ശേഷം കേസ് തള്ളിയിരുന്നുവെന്നും അവർ ചൂണ്ടിക്കാട്ടുന്നു.
2026 ജൂൺ 24-ന് അദാനി ഗ്രൂപ്പ് കോടതിയിൽ സമർപ്പിച്ച കത്തിൽ യുഎസ് സർക്കാരിന്റെ കേസ് നിയമപരമായി ദുർബലമാണെന്ന് വ്യക്തമാക്കുന്ന നിരവധി വാദങ്ങൾ ഉന്നയിച്ചിട്ടുണ്ട്. കേസുമായി ബന്ധപ്പെട്ട ഇടപാടുകൾ എല്ലാം യുഎസിന് പുറത്തുള്ള സ്ഥാപനങ്ങളും ബാങ്കുകളും തമ്മിലാണ് നടന്നതെന്നും, രേഖകൾ തയ്യാറാക്കുകയും അംഗീകരിക്കുകയും ചെയ്തത് യുഎസിന് പുറത്താണെന്നും കത്തിൽ പറയുന്നു.
കൂടാതെ, വിവാദമായ ബോണ്ടുകൾ ഇംഗ്ലീഷ് നിയമത്തിന്റെ പരിധിയിലാണുള്ളതെന്നും അതിനാൽ അവ യുഎസ് സെക്യൂരിറ്റീസ് നിയമത്തിന്റെ അധികാരപരിധിയിൽ ഉൾപ്പെടില്ലെന്നുമാണ് അദാനി ഗ്രൂപ്പിന്റെ നിലപാട്.
അതേസമയം, ഇന്ത്യൻ റെഗുലേറ്ററി ഉദ്യോഗസ്ഥരുടെ വിദഗ്ധ റിപ്പോർട്ടുകൾ പ്രകാരം ആരോപിക്കപ്പെടുന്ന പണമിടപാടുകൾ കൈക്കൂലിയല്ലെന്നും, വിവിധ സംസ്ഥാനങ്ങളിലെ വൈദ്യുതി വിതരണ കമ്പനികളെ സൗരോർജ പദ്ധതികളുമായി ബന്ധപ്പെട്ട കരാറുകളിൽ പങ്കാളികളാക്കുന്നതിനായി അദാനി ഗ്രീൻ നൽകിയ നിയമപരമായ വിലക്കിഴിവുകളാണ് അവയെന്നുമാണ് വാദം. ഈ സാഹചര്യങ്ങൾ പരിഗണിക്കുമ്പോൾ കേസ് നിലനിൽക്കാനുള്ള സാധ്യത വളരെ കുറവാണെന്നാണ് നിയമവിദഗ്ധരുടെ വിലയിരുത്തൽ.
