അമേരിക്ക മറച്ചുവെച്ച സത്യം; ഇറാൻ ആക്രമണങ്ങളിൽ നേരിട്ടത് വൻ നാശനഷ്ടം

പശ്ചിമേഷ്യയിലെ യുഎസ് സൈനിക താവളങ്ങൾക്കെതിരെ ഇറാൻ നടത്തിയ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ ഔദ്യോഗികമായി പുറത്തുവന്നതിനേക്കാൾ വലിയ നാശനഷ്ടങ്ങൾ ഉണ്ടാക്കിയതായി റിപ്പോർട്ട്. ഇതോടെ മേഖലയിലെ യുഎസ് സൈനിക സാന്നിധ്യവും സുരക്ഷാ സംവിധാനങ്ങളും പുനഃപരിശോധിക്കാൻ പെന്റഗൺ നിർബന്ധിതമായിരിക്കുകയാണെന്ന് സൂചന.

‘വാൾ സ്ട്രീറ്റ് ജേണൽ’ റിപ്പോർട്ട് പ്രകാരം, ഫെബ്രുവരി അവസാനം മുതൽ ജൂൺ വരെയുള്ള കാലയളവിൽ ഇറാൻ നടത്തിയ ആക്രമണങ്ങളിൽ പശ്ചിമേഷ്യയിലെ കുറഞ്ഞത് 20 യുഎസ് സൈനിക താവളങ്ങളെങ്കിലും കേടുപാടുകൾക്ക് വിധേയമായി. ബഹ്‌റൈനിലെ പ്രധാന അമേരിക്കൻ നാവിക താവളമായ നാവൽ സപ്പോർട്ട് ആക്ടിവിറ്റിക്കാണ് ഏറ്റവും കൂടുതൽ നാശനഷ്ടമുണ്ടായതെന്നാണ് റിപ്പോർട്ട്.

താവളത്തിലെ കമാൻഡ് ആസ്ഥാനത്തിനും ഒരു ഡസനിലധികം കെട്ടിടങ്ങൾക്കും രണ്ട് സാറ്റലൈറ്റ് ആശയവിനിമയ ടെർമിനലുകൾക്കും ആക്രമണത്തിൽ കേടുപാടുകൾ സംഭവിച്ചതായി റിപ്പോർട്ടിൽ പറയുന്നു. ആക്രമണത്തിന് മുൻപ് ഭൂരിഭാഗം ഉദ്യോഗസ്ഥരെയും സുരക്ഷിത കേന്ദ്രങ്ങളിലേക്ക് മാറ്റിയിരുന്നതിനാൽ ആളപായം ഒഴിവാക്കാനായതായി യുഎസ് സൈന്യം അറിയിച്ചു.

സംഭവങ്ങളുടെ പശ്ചാത്തലത്തിൽ ബഹ്‌റൈനിലെ താവളം പുനഃസംഘടിപ്പിക്കുന്നതും കുവൈത്ത്, സൗദി അറേബ്യ എന്നിവിടങ്ങളിലെ സൈനിക സാന്നിധ്യം കുറയ്ക്കുന്നതും ഇറാനിയൻ മിസൈലുകളുടെ പരിധിക്ക് പുറത്തുള്ള മേഖലകളിലേക്ക് ചില സൈനിക പ്രവർത്തനങ്ങൾ മാറ്റുന്നതും പെന്റഗൺ പരിഗണിക്കുന്നതായാണ് വിവരം.

ആവശ്യമായ സാഹചര്യങ്ങളിൽ ഭൂഗർഭ കമാൻഡ് സെന്ററുകൾ സ്ഥാപിക്കുന്നതിനുള്ള സാധ്യതയും അമേരിക്കൻ പ്രതിരോധ വകുപ്പ് പരിശോധിക്കുന്നതായി റിപ്പോർട്ടിൽ പറയുന്നു. ഭാവിയിൽ സമാന ആക്രമണങ്ങളിൽ നിന്ന് താവളങ്ങളെ കൂടുതൽ സുരക്ഷിതമാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് ഈ ആലോചനകൾ.

ആക്രമണത്തിൽ തകർന്ന കെട്ടിടങ്ങളുടെ പുനർനിർമാണത്തിനായി മാത്രം ഏകദേശം 400 ദശലക്ഷം ഡോളർ (ഏകദേശം 3,400 കോടി രൂപ) ചെലവ് വരുമെന്നാണ് കണക്ക്. അവശിഷ്ടങ്ങൾ നീക്കം ചെയ്യുന്നതിനും അധിക സുരക്ഷാ സംവിധാനങ്ങൾ ഒരുക്കുന്നതിനുമുള്ള ചെലവ് ഇതിൽ ഉൾപ്പെടുത്തിയിട്ടില്ല.

അതേസമയം, ഈ സംഘർഷത്തിന്റെ ആകെ സാമ്പത്തിക ബാധ്യത ഏകദേശം 40 ബില്യൺ ഡോളറിലെത്തിയതായി Center for Strategic and International Studies വിലയിരുത്തുന്നു. ഇതിൽ 2.2 മുതൽ 5.1 ബില്യൺ ഡോളർ വരെയുള്ള നഷ്ടം യുഎസ് സൈനിക താവളങ്ങൾക്കുണ്ടായതാണെന്നും റിപ്പോർട്ടിൽ വ്യക്തമാക്കുന്നു.

ഇറാന്റെ വർധിച്ചുവരുന്ന മിസൈൽ, ഡ്രോൺ ശേഷി പശ്ചിമേഷ്യയിലെ അമേരിക്കൻ സൈനിക താവളങ്ങളുടെ സുരക്ഷയെ ഗൗരവമായി ബാധിക്കുന്നുവെന്ന വിലയിരുത്തലിനിടെയാണ് പുതിയ റിപ്പോർട്ട് പുറത്തുവന്നിരിക്കുന്നത്.

മറുപടി രേഖപ്പെടുത്തുക