സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം; യുഡിഎഫിൽ ഭിന്നത രൂക്ഷം, ശേഷാദ്രിനാഥനെതിരെ പി.എം. നിയാസ്

സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറായി എൻ. ശേഷാദ്രിനാഥനെ നിയമിച്ചതുമായി ബന്ധപ്പെട്ട് യുഡിഎഫിനുള്ളിൽ ഭിന്നത ശക്തമാകുന്നു. നിയമനത്തിനെതിരായ എതിർപ്പ് കെപിസിസി ജനറൽ സെക്രട്ടറി പി.എം. നിയാസ് ആഭ്യന്തരമന്ത്രി രമേശ് ചെന്നിത്തലയെ നേരിൽ കണ്ട് അറിയിച്ചു.

എൻ. ശേഷാദ്രിനാഥന് സംഘപരിവാർ ബന്ധമുണ്ടെന്ന ഗുരുതര ആരോപണമാണ് നിയാസ് ഉന്നയിച്ചത്. തദ്ദേശസ്വയംഭരണ വകുപ്പ് മന്ത്രി കെ.എം. ഷാജി ഇക്കാര്യം മനസിലാക്കിയിട്ടില്ലെന്നും അദ്ദേഹം വിമർശിച്ചു. തിരഞ്ഞെടുപ്പ് കമ്മീഷന്റെ നഷ്ടപ്പെട്ട വിശ്വാസ്യത ജനാധിപത്യ ഇന്ത്യയ്ക്ക് തന്നെ അപമാനകരമായ സാഹചര്യമാണെന്നും നിയാസ് പറഞ്ഞു.

കേരളത്തിലെ അതീവ പ്രധാനപ്പെട്ട ഭരണഘടനാപരമായ പദവികളിലൊന്നാണ് സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണറുടേതെന്നും, ഗവർണറുടെ അംഗീകാരം ലഭിച്ചാൽ പിന്നീട് മാറ്റം വരുത്തുക എളുപ്പമല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. ശേഷാദ്രിനാഥന്റെ പഴയ സമൂഹമാധ്യമ പോസ്റ്റുകൾ ഇപ്പോൾ അപ്രത്യക്ഷമായിട്ടുണ്ടെന്നും, ഒളിപ്പിക്കാൻ ഒന്നുമില്ലെങ്കിൽ അവ എവിടെയാണ് പോയതെന്ന് വ്യക്തമാക്കണമെന്നും നിയാസ് ചോദിച്ചു.

സമൂഹമാധ്യമങ്ങളിലെ മുൻകാല ഇടപെടലുകൾ സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്തണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. ഇതുമായി ബന്ധപ്പെട്ട രേഖകളും വിവരങ്ങളും വകുപ്പ് മന്ത്രിക്ക് കൈമാറുമെന്നും നിയാസ് പറഞ്ഞു. ഇതിലൂടെ വിഷയത്തിന്റെ ഗൗരവം മന്ത്രിക്ക് ബോധ്യപ്പെടുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മുഖ്യമന്ത്രി വി.ഡി. സതീശനെ നേരിൽ കണ്ട് കാര്യങ്ങൾ വിശദീകരിക്കാനുള്ള ശ്രമം നടത്തുമെന്നും നിയാസ് അറിയിച്ചു. ആഭ്യന്തരമന്ത്രിയെ വിഷയത്തിന്റെ എല്ലാ വശങ്ങളും ധരിപ്പിച്ചിട്ടുണ്ടെന്നും, സർക്കാർ നിയമനം താൽക്കാലികമായി നിർത്തിവെച്ചിട്ടുണ്ടെന്ന വിവരമാണ് ലഭിച്ചതെന്നും അദ്ദേഹം അവകാശപ്പെട്ടു.

അതേസമയം, നിയമനവുമായി ബന്ധപ്പെട്ട വിവാദങ്ങൾക്കിടെ എൻ. ശേഷാദ്രിനാഥന്റെ നിയമനം വിശദമായ പരിശോധനയ്ക്ക് ശേഷമാണ് നടത്തിയതെന്ന് തദ്ദേശമന്ത്രി കെ.എം. ഷാജി വ്യക്തമാക്കിയിരുന്നു. ആ പദവിക്ക് ആവശ്യമായ യോഗ്യതയും കഴിവും ഉള്ള വ്യക്തിയാണെന്ന് വിലയിരുത്തിയ ശേഷമാണ് നിയമന തീരുമാനമെടുത്തതെന്നും മന്ത്രി പ്രതികരിച്ചു.

മന്ത്രിയുടെ ഈ നിലപാടിന് പിന്നാലെയാണ് പി.എം. നിയാസ് വിമർശനം കൂടുതൽ ശക്തമാക്കി രംഗത്തെത്തിയത്. സംസ്ഥാന തിരഞ്ഞെടുപ്പ് കമ്മീഷണർ നിയമനം യുഡിഎഫിനുള്ളിൽ പുതിയ രാഷ്ട്രീയ വിവാദത്തിന് വഴിവെച്ചിരിക്കുകയാണ്.

മറുപടി രേഖപ്പെടുത്തുക