തമിഴ്നാട് രാഷ്ട്രീയത്തിൽ വൻ വിവാദത്തിന് വഴിവെച്ച് ഭരണപക്ഷമായ തമിഴക വെട്രി കഴകം (ടിവികെ) സർക്കാരിനെ അസ്ഥിരപ്പെടുത്താൻ ശ്രമം നടന്നെന്ന ആരോപണം. ഉത്തങ്കരൈ എംഎൽഎ ഡോ. എൻ. ഇളയരാജയ്ക്ക് കോഴ വാഗ്ദാനവും ഭീഷണിയും ഉയർന്ന സംഭവത്തിൽ ചെന്നൈ പൊലീസ് മൂന്ന് പേരെ അറസ്റ്റ് ചെയ്തു.
‘ഇന്ത്യൻ പൊളിറ്റിക്കൽ ഡെമോക്രാറ്റിക് സ്ട്രാറ്റജീസ്’ എന്ന സർവേ സ്ഥാപനത്തിന്റെ തലവനാണെന്ന് പരിചയപ്പെടുത്തിയ ഒരാളാണ് എംഎൽഎയെ ഫോണിൽ ബന്ധപ്പെട്ടത്. ഒരു പ്രമുഖ രാഷ്ട്രീയ പാർട്ടിയുടെ നിർദേശപ്രകാരമാണ് വിളിക്കുന്നതെന്ന് പറഞ്ഞ ഇയാൾ, നിയമസഭയിൽ സ്പീക്കർക്കെതിരായ പ്രമേയത്തിൽ പ്രതിപക്ഷത്തിന് അനുകൂലമായി വോട്ട് ചെയ്താൽ 35 കോടി രൂപ നൽകാമെന്ന് വാഗ്ദാനം ചെയ്തതായാണ് പരാതി.
എന്നാൽ ഈ ഓഫർ എംഎൽഎ നിരസിക്കുകയും സംഭാഷണം അവസാനിപ്പിക്കാൻ ആവശ്യപ്പെടുകയും ചെയ്തു. തുടർന്ന് ഇളയരാജയെയും കുടുംബത്തെയും ഭീഷണിപ്പെടുത്തിയതായും പരാതിയിൽ പറയുന്നു. ജൂൺ 29ന് നൽകിയ പരാതിയുടെ അടിസ്ഥാനത്തിൽ കേസ് രജിസ്റ്റർ ചെയ്ത പൊലീസ് അന്വേഷണം ശക്തമാക്കുകയായിരുന്നു.
അന്വേഷണത്തിനൊടുവിൽ നരേഷ്, ത്യാഗരാജൻ എന്നിവരടക്കമുള്ള പ്രതികളെ പൊലീസ് കസ്റ്റഡിയിലെടുത്തു. മുൻ മന്ത്രി വി. സെന്തിൽ ബാലാജിയുടെ സഹോദരൻ വി. അശോക് കുമാറുമായി പ്രതികൾക്ക് ബന്ധമുണ്ടെന്ന സൂചനകളും അന്വേഷണത്തിൽ ലഭിച്ചതായി റിപ്പോർട്ടുകളുണ്ട്.
ടിവികെ സർക്കാരിനെ അസ്ഥിരപ്പെടുത്താനുള്ള ഗൂഢാലോചനയുടെ ഭാഗമായാണ് കോഴ വാഗ്ദാനമെന്ന ആരോപണം പാർട്ടി നേതൃത്വം ഉന്നയിച്ചു. സമാന രീതിയിൽ മറ്റ് ടിവികെ എംഎൽഎമാരെയും സമീപിച്ചിട്ടുണ്ടോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം തുടരുകയാണ്.
