മഴക്കാലത്ത് സംസ്ഥാനത്തെ റോഡുകളിൽ രൂപപ്പെടുന്ന കുഴികൾ സംബന്ധിച്ച് കുന്നത്തൂർ എംഎൽഎ ഉല്ലാസ് ഉന്നയിച്ച ചോദ്യത്തിന് പൊതുമരാമത്ത് വകുപ്പ് മന്ത്രി പികെ ബഷീർ നൽകിയ മറുപടി നിയമസഭയിൽ ശ്രദ്ധ നേടി. കേരളത്തിലെ കാലാവസ്ഥാ സാഹചര്യങ്ങൾ ചൂണ്ടിക്കാട്ടിയായിരുന്നു മന്ത്രിയുടെ പ്രതികരണം.
“കുന്നത്തൂർ എംഎൽഎ ഉല്ലാസ് കുഴികളെക്കുറിച്ച് പറഞ്ഞു. മഴക്കാലമായാൽ റോഡുകളിൽ കുഴികൾ രൂപപ്പെടും. കേരളമാണിത്. കോൺട്രാക്ട് നൽകി പാച്ച് വർക്ക് നടത്തി അവ പരിഹരിക്കാം. ഇറാൻ–അമേരിക്ക സംഘർഷത്തെ തുടർന്ന് ടാറിനും മറ്റ് നിർമാണ സാമഗ്രികൾക്കും വില വർധിച്ചിട്ടുണ്ട്. അതും ഒരു യാഥാർഥ്യമാണ്. ഞങ്ങൾ അധികാരത്തിലെത്തിയിട്ട് ഒരു മാസവും ഏതാനും ദിവസങ്ങളും മാത്രമാണ് ആയിട്ടുള്ളത്. പ്രശ്നങ്ങൾ പരിഹരിക്കും,” മന്ത്രി പറഞ്ഞു.
അതേസമയം, പി.എം. ശ്രീ പദ്ധതി സംബന്ധിച്ച പ്രതിപക്ഷ നിലപാടിനെയും മന്ത്രി വിമർശിച്ചു. പദ്ധതി നടപ്പാക്കുന്നതുമായി ബന്ധപ്പെട്ട് മുൻ സർക്കാരിന്റെ നിലപാട് ചൂണ്ടിക്കാട്ടിയ അദ്ദേഹം, കരാറിൽ ഒപ്പുവെച്ച ശേഷം അതിൽ നിന്ന് പിന്മാറാൻ ശ്രമിക്കുന്നതിനെ പരിഹസിച്ചു.
പദ്ധതിയുമായി ബന്ധപ്പെട്ട തീരുമാനങ്ങളിൽ മുൻ ഭരണകൂടത്തിനും ഉത്തരവാദിത്വമുണ്ടെന്നും, വിഷയത്തിൽ ആത്മാർഥമായി നിലപാട് വ്യക്തമാക്കാൻ പ്രതിപക്ഷം തയ്യാറാകണമെന്നും മന്ത്രി സഭയിൽ വെല്ലുവിളിച്ചു.
