മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം; കണ്ടെത്തിയ തല മോർച്ചറിയിൽ സുഹൃത്തുക്കൾ എത്തി തിരിച്ചറിഞ്ഞു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടവുമായി ബന്ധപ്പെട്ട് ഇന്നത്തെ തെരച്ചിലിൽ കണ്ടെത്തിയ തല കാണാതായ കോട്ടപ്പുറം സ്വദേശി ഗിരീഷിന്റേതാണെന്ന് പ്രാഥമിക നിഗമനം. മെഡിക്കൽ കോളേജ് മോർച്ചറിയിൽ സുഹൃത്തുക്കൾ എത്തി തിരിച്ചറിഞ്ഞതായി അധികൃതർ അറിയിച്ചു. വൈകുന്നേരം വെടിക്കെട്ട് പുരയ്ക്ക് ചുറ്റും നടത്തിയ വ്യാപക പരിശോധനയിലാണ് ഈ കണ്ടെത്തൽ.

ബോംബ് സ്‌ക്വാഡിന്റെയും കെഡാവർ നായകളുടെയും സഹായത്തോടെ നടത്തിയ ഇന്നത്തെ തെരച്ചിലിൽ 10 ശരീരഭാഗങ്ങൾ കൂടി കണ്ടെത്തി. സ്ഥലത്ത് നിന്ന് പിടിച്ചെടുത്ത 362 കിലോ വെടിമരുന്ന് പൊലീസ് സുരക്ഷിത കേന്ദ്രത്തിലേക്ക് മാറ്റി. മൂന്ന് കെഡാവർ നായകളും ബോംബ് സ്‌ക്വാഡിലെ രണ്ട് നായകളും തെരച്ചിലിന് സഹായമായി.

സംഭവസ്ഥലം സന്ദർശിച്ച സിറ്റി പൊലീസ് കമ്മീഷണർ തുടർനടപടികൾ വിശദീകരിച്ചു. അപകടത്തിൽ ആകെ 37 പേർ ഉൾപ്പെട്ടതായി പൊലീസ് വ്യക്തമാക്കി. നിലവിൽ 10 പേർ വിവിധ ആശുപത്രികളിൽ ചികിത്സയിലാണ്. വെടിക്കെട്ട് കരാറുകാരൻ സതീശൻ ഉൾപ്പെടെ നാല് പേരുടെ നില ഗുരുതരമായി തുടരുന്നു.

തിരിച്ചറിയാൻ കഴിയാത്ത ശരീരഭാഗങ്ങളിൽ നിന്ന് ഡിഎൻഎ സാമ്പിളുകൾ ശേഖരിച്ച് പരിശോധനയ്ക്ക് അയച്ചതായി അധികൃതർ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക