താരസംഘടനയായ ‘അമ്മ’യുടെ എക്സിക്യൂട്ടീവ് കമ്മിറ്റിക്കെതിരെ രൂക്ഷ വിമർശനവുമായി നടൻ ജോയ് മാത്യു. സംഘടനയിൽ നിലവിൽ നിലനിൽക്കുന്നത് പിടിപ്പുകേടും വിവരമില്ലായ്മയും പരസ്പര പഴിചാരലുകളും പൊലീസ് കേസുകളുമാണെന്നും, ഇതുമൂലം സംഘടനയുടെ പ്രതിച്ഛായ ഗുരുതരമായി തകർന്നിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു. എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ നിന്ന് രാജിവെച്ചതിന് പിന്നാലെയായിരുന്നു പ്രതികരണം.
തീരുമാനമെടുക്കാനുള്ള ശേഷിയില്ലാത്ത ഒരു സംഘത്തോടൊപ്പം മുന്നോട്ടുപോകാൻ ബുദ്ധിമുട്ടാണെന്ന് പറഞ്ഞ ജോയ് മാത്യു, രണ്ട് മാസം മുമ്പ് തന്നെ രാജിക്കത്ത് നൽകിയിരുന്നുവെന്നും വെളിപ്പെടുത്തി. രാജിവെക്കരുതെന്നും അത് മാധ്യമ വാർത്തയാകുമെന്നും സംഘടനാ പ്രസിഡന്റ് ആവശ്യപ്പെട്ടതിനെ തുടർന്ന് അന്ന് തീരുമാനം പിൻവലിക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.
എക്സിക്യൂട്ടീവ് കമ്മിറ്റിയിൽ താൻ ന്യൂനപക്ഷമാണെന്നും, തന്റെ നിലപാടുകളെ പിന്തുണയ്ക്കുന്നവർ രണ്ടോ മൂന്നോ പേർ മാത്രമാണെന്നും ജോയ് മാത്യു ആരോപിച്ചു. വിവരവും പരിചയസമ്പത്തുമുള്ള മുതിർന്ന അംഗങ്ങൾ സംഘടനയിലുണ്ടെങ്കിലും അവരുടെ അഭിപ്രായങ്ങൾ ഭൂരിപക്ഷം അംഗീകരിക്കുന്നില്ലെന്നും അദ്ദേഹം വിമർശിച്ചു.
“ഭൂരിപക്ഷം മണ്ടന്മാരാണ്. വിവരമുള്ളവരുടെ അഭിപ്രായം അവർ അംഗീകരിക്കാറില്ല. ആ മണ്ടത്തരങ്ങളുടെ ആകെ തുകയാണ് ഇപ്പോൾ സംഘടന അനുഭവിക്കുന്നത്,” എന്ന് ജോയ് മാത്യു പറഞ്ഞു.
സംഘടനയിൽ രൂപീകരിച്ചതായി പറയപ്പെടുന്ന അഡ്ഹോക് കമ്മിറ്റിയുടെ നിയമസാധുതയും അദ്ദേഹം ചോദ്യം ചെയ്തു. നിലവിൽ ശ്വേത മേനോൻ തന്നെയാണ് സംഘടനയുടെ പ്രസിഡന്റെന്നും, അവർ ഔദ്യോഗികമായി രാജിവെച്ചിട്ടില്ലെന്നും ജോയ് മാത്യു ചൂണ്ടിക്കാട്ടി. അഡ്ഹോക് കമ്മിറ്റിക്ക് യാതൊരു അസ്തിത്വവുമില്ലെന്നും, ചിലർ സ്വയം അഡ്ഹോക് കമ്മിറ്റി എന്ന് പ്രഖ്യാപിച്ചതുകൊണ്ട് അത് നിയമപരമാകില്ലെന്നും അദ്ദേഹം പറഞ്ഞു.
മോഹൻലാൽ പ്രസിഡന്റായിരുന്ന കാലത്ത് സംഘടനയുടെ പ്രവർത്തനങ്ങളിൽ എതിർപ്പ് രേഖപ്പെടുത്തേണ്ട സാഹചര്യം ഉണ്ടായിരുന്നില്ലെന്നും ജോയ് മാത്യു അഭിപ്രായപ്പെട്ടു. അഭിപ്രായ വ്യത്യാസങ്ങൾ ഉണ്ടായിരുന്നെങ്കിലും സംഘടനയുടെ പൊതുകാര്യങ്ങളിൽ ഐക്യം നിലനിന്നിരുന്നുവെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
സംഘടനയെ പ്രതിസന്ധിയിൽ നിന്ന് കരകയറ്റാൻ തിരുത്തൽ നടപടികൾ അനിവാര്യമാണെന്നും, എക്സിക്യൂട്ടീവ് കമ്മിറ്റിയിലെ 17 അംഗങ്ങളും പരസ്പര ഐക്യത്തോടെയും ഉത്തരവാദിത്തത്തോടെയും പ്രവർത്തിക്കേണ്ടതുണ്ടെന്നും ജോയ് മാത്യു പറഞ്ഞു.
