തക്ഷശില പൈതൃക കേന്ദ്രത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ആശങ്ക; പാകിസ്ഥാനോട് വിശദീകരണം തേടി യുനെസ്കോ

ലോക പൈതൃക പട്ടികയിൽ ഉൾപ്പെട്ടിരിക്കുന്ന ‘തക്ഷശില ‘ പുരാവസ്തു സമുച്ചയത്തിലെ പുനരുദ്ധാരണ പ്രവർത്തനങ്ങളിൽ ഗുരുതര ആശങ്ക രേഖപ്പെടുത്തി യുനെസ്കോ. മൊഹ്‌റ മൊറാഡു, സിർകാപ്പ് എന്നീ ചരിത്രപ്രാധാന്യമുള്ള കേന്ദ്രങ്ങളിൽ നടത്തിയ പുനർനിർമാണ പ്രവർത്തനങ്ങളുമായി ബന്ധപ്പെട്ട് പാകിസ്ഥാനോട് വിശദീകരണം തേടുകയും റിപ്പോർട്ട് ചെയ്ത മാറ്റങ്ങൾ പിൻവലിക്കണമെന്ന് ആവശ്യപ്പെടുകയും ചെയ്തതായി റിപ്പോർട്ടുകൾ വ്യക്തമാക്കുന്നു.

പാകിസ്ഥാനിലെ പഞ്ചാബ് പ്രവിശ്യയിൽ സ്ഥിതി ചെയ്യുന്ന തക്ഷശില , ഗാന്ധാര നാഗരികതയുടെ പ്രധാന കേന്ദ്രങ്ങളിലൊന്നാണ്. ബിസി ആറാം നൂറ്റാണ്ട് മുതൽ എഡി അഞ്ചാം നൂറ്റാണ്ട് വരെ വികസിച്ചിരുന്ന ഈ നാഗരികതയുടെ അവശിഷ്ടങ്ങൾ ഉൾക്കൊള്ളുന്ന സമുച്ചയം 1980-ലാണ് യുനെസ്കോയുടെ ലോക പൈതൃക പട്ടികയിൽ ഇടം നേടിയത്.

തക്ഷശിലയിലെ പ്രശസ്ത ബുദ്ധ സന്യാസകേന്ദ്രമായ മൊഹ്‌റ മൊറാഡുവും ഇന്തോ-ഗ്രീക്ക്, കുഷാൻ കാലഘട്ടങ്ങളുമായി ബന്ധപ്പെട്ട സിർകാപ്പ് നഗരാവശിഷ്ടങ്ങളും പുരാവസ്തു പഠനങ്ങൾക്ക് ഏറെ പ്രാധാന്യമുള്ളവയാണ്. പുരാതന സ്തൂപങ്ങൾ, മതിലുകൾ, ശിലാനിർമാണങ്ങൾ, വാസസ്ഥലങ്ങളുടെ അവശിഷ്ടങ്ങൾ തുടങ്ങിയവ ഇവിടെ സംരക്ഷിക്കപ്പെട്ടിട്ടുണ്ട്.

ലോക പൈതൃക കേന്ദ്രങ്ങളിലെ സംരക്ഷണ പ്രവർത്തനങ്ങളിൽ കുറഞ്ഞ ഇടപെടലും യഥാർത്ഥ നിർമ്മാണ സാമഗ്രികളുടെ പരമാവധി സംരക്ഷണവുമാണ് യുനെസ്കോയുടെ അടിസ്ഥാന നയം. സിമന്റ് പോലുള്ള ആധുനിക വസ്തുക്കളുടെ ഉപയോഗം, ഘടനകളുടെ രൂപത്തിലും ഉയരത്തിലും മാറ്റം വരുത്തൽ തുടങ്ങിയ നടപടികൾ പൈതൃക സംരക്ഷണ മാനദണ്ഡങ്ങൾക്ക് വിരുദ്ധമാണെന്ന് വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു.

ഇതിനിടെ, പുനരുദ്ധാരണ പ്രവർത്തനങ്ങൾക്ക് മുമ്പും ശേഷവും എടുത്ത ചിത്രങ്ങൾ, പൈതൃക ആഘാത വിലയിരുത്തൽ റിപ്പോർട്ടുകൾ, സാങ്കേതിക രേഖകൾ എന്നിവ സമർപ്പിക്കണമെന്ന് യുനെസ്കോ പാകിസ്ഥാനോട് ആവശ്യപ്പെട്ടിട്ടുണ്ട്.

2026 ജൂണിൽ യുനെസ്കോ പ്രതിനിധികളും പാകിസ്ഥാനിലെ പുരാവസ്തു-മ്യൂസിയം വകുപ്പും ദേശീയ പൈതൃക, സാംസ്കാരിക മന്ത്രാലയവും ചേർന്ന് ടാക്‌സില മ്യൂസിയത്തിലും അനുബന്ധ പുരാവസ്തു കേന്ദ്രങ്ങളിലും സംയുക്ത സാങ്കേതിക പരിശോധന നടത്തിയിരുന്നു. ഈ പരിശോധനയുടെ അടിസ്ഥാനത്തിലാണ് യുനെസ്കോയുടെ പുതിയ ഇടപെടലെന്നാണ് സൂചന.

മറുപടി രേഖപ്പെടുത്തുക