ലോകത്തിലെ ഏറ്റവും മനോഹരമായ പ്രകൃതി വിനോദസഞ്ചാര കേന്ദ്രങ്ങളിലൊന്നായ ഐസ്ലാൻഡ്, ടൂറിസം മേഖലയെ കൂടുതൽ ശക്തിപ്പെടുത്തുന്നതിനായി 90-ലധികം രാജ്യങ്ങളിലെ പൗരന്മാർക്ക് വിസ രഹിത പ്രവേശനം അനുവദിച്ചു. ബ്രസീൽ, ജപ്പാൻ, ഓസ്ട്രേലിയ, കാനഡ, അമേരിക്ക, ദക്ഷിണ കൊറിയ, യുകെ എന്നിവയ്ക്കൊപ്പം ഗൾഫ് രാജ്യങ്ങളിലെ യാത്രക്കാർക്കും ഈ ആനുകൂല്യം ലഭിക്കും.
യുണൈറ്റഡ് അറബ് എമിറേറ്റ്സ്, സൗദി അറേബ്യ, ഖത്തർ, കുവൈറ്റ്, ഒമാൻ, ബഹ്റൈൻ തുടങ്ങിയ ഗൾഫ് രാജ്യങ്ങളിൽ നിന്നുള്ള സന്ദർശകർക്കും ഇനി പ്രത്യേക വിസ നടപടിക്രമങ്ങളില്ലാതെ ഐസ്ലാൻഡിലേക്ക് യാത്ര ചെയ്യാനാകും. ഷെംഗൻ മേഖലയുടെ ഭാഗമായതിനാൽ മറ്റ് ഷെംഗൻ രാജ്യങ്ങളിൽ നിന്നുള്ള യാത്രക്കാർക്കും സ്വതന്ത്ര പ്രവേശനം തുടരും.
പുതിയ നയപ്രകാരം യോഗ്യതയുള്ള രാജ്യങ്ങളിലെ പൗരന്മാർക്ക് വിസയില്ലാതെ 90 ദിവസം വരെ ഐസ്ലാൻഡിൽ താമസിക്കാം. വിനോദസഞ്ചാരം, ബിസിനസ് സന്ദർശനം, കുടുംബ സന്ദർശനം തുടങ്ങിയ ആവശ്യങ്ങൾക്കാണ് ഈ സൗകര്യം ബാധകമാകുക. ജോലി ചെയ്യാനോ പഠിക്കാനോ ഈ സംവിധാനം ഉപയോഗിക്കാൻ കഴിയില്ല.
അഗ്നിപർവതങ്ങൾ, ഹിമാനികൾ, ചൂടുനീരുറവകൾ, ലോകപ്രശസ്തമായ നോർത്തേൺ ലൈറ്റ്സ്എ ന്നിവയാൽ പ്രശസ്തമായ ഐസ്ലാൻഡിലേക്ക് ഓരോ വർഷവും ലക്ഷക്കണക്കിന് സഞ്ചാരികളാണ് എത്തുന്നത്. വിസ നടപടിക്രമങ്ങൾ ലഘൂകരിക്കുന്നതിലൂടെ ഏഷ്യയിലെയും ഗൾഫ് മേഖലയിലെയും കൂടുതൽ വിനോദസഞ്ചാരികളെ ആകർഷിക്കാനാണ് രാജ്യത്തിന്റെ ശ്രമം.
ഈ തീരുമാനത്തോടെ തലസ്ഥാനമായ റെയ്ക്ജാവിക്കിലേക്കുള്ള അന്താരാഷ്ട്ര വിമാന സർവീസുകൾ വർധിക്കുമെന്നും ഹോട്ടൽ, ഹോസ്പിറ്റാലിറ്റി, പ്രാദേശിക വ്യാപാര മേഖലകൾക്ക് ഇത് വലിയ ഉത്തേജനമാകുമെന്നുമാണ് വിലയിരുത്തൽ.
