ഖമേനിയുടെ ശവസംസ്കാരത്തിന് ഒരാഴ്ച സമയം നൽകിയത് ഞങ്ങളാണ്; വിവാദ പരാമർശവുമായി ഡൊണാൾഡ് ട്രംപ്

ഇറാന്റെ മുൻ പരമോന്നത നേതാവ് ആയത്തുള്ള അലി ഖമേനിയുടെ ശവസംസ്കാര ചടങ്ങുകൾ പുരോഗമിക്കുന്നതിനിടെ യുഎസ് പ്രസിഡന്റ് ഡൊണാൾഡ് ട്രംപ് നടത്തിയ പരാമർശം പുതിയ വിവാദങ്ങൾക്ക് വഴിവെച്ചു. ഖമേനിയുടെ സംസ്കാര ചടങ്ങുകൾ നടത്തുന്നതിനായി ഇറാന് ഒരാഴ്ചത്തെ സമയം അനുവദിച്ചത് യുഎസ് ആണെന്നും “ഞങ്ങൾ നല്ല ആളുകളായതിനാലാണ് അത് ചെയ്തതെന്നും” ട്രംപ് അവകാശപ്പെട്ടു.

യുഎസ് സ്വാതന്ത്ര്യദിനത്തോടനുബന്ധിച്ച് സൗത്ത് ഡക്കോട്ടയിലെ മൗണ്ട് റഷ്മോറിൽ സംഘടിപ്പിച്ച റാലിയിലായിരുന്നു ട്രംപിന്റെ പ്രതികരണം. സമീപകാല യുഎസ്-ഇറാൻ സംഘർഷത്തെ പരാമർശിച്ച അദ്ദേഹം, “ഇറാനെ ഞങ്ങൾ ശക്തമായി തിരിച്ചടിച്ചു. ഇപ്പോൾ അവർ ഒരു കരാറിനായി കാത്തിരിക്കുകയാണ്. ശവസംസ്കാരം നടത്താൻ ഒരാഴ്ച സമയം ഞങ്ങൾ നൽകി. കാരണം ഞങ്ങൾ നല്ല ആളുകളാണ്,” എന്ന് പറഞ്ഞു. ട്രംപിന്റെ പരാമർശത്തെ റാലിയിൽ പങ്കെടുത്തവർ കൈയടികളോടെയാണ് സ്വീകരിച്ചത്.

ഫെബ്രുവരി 28-ന് നടന്ന യുഎസ്-ഇസ്രായേൽ സംയുക്ത വ്യോമാക്രമണത്തിലാണ് ഖമേനിയും അദ്ദേഹത്തിന്റെ കുടുംബാംഗങ്ങളിലൊരുപിടിയും കൊല്ലപ്പെട്ടത്. യുദ്ധസാഹചര്യവും സുരക്ഷാ പ്രശ്നങ്ങളും കാരണം ശവസംസ്കാര ചടങ്ങുകൾ ഉടൻ നടത്താൻ ഇറാനിന് സാധിച്ചിരുന്നില്ല. പിന്നീട് സംഘർഷം ശമിച്ചതോടെയും താൽക്കാലിക വെടിനിർത്തൽ നിലവിൽ വന്നതോടെയും ചടങ്ങുകൾ സംഘടിപ്പിക്കാൻ തീരുമാനിക്കുകയായിരുന്നു.

വെള്ളിയാഴ്ച ടെഹ്‌റാനിലെ ഗ്രാൻഡ് പള്ളിയിൽ ആരംഭിച്ച ശവസംസ്കാര ചടങ്ങുകളിൽ ഇറാൻ പ്രസിഡന്റ് മസൂദ് പെസെഷ്കിയാൻ, പാർലമെന്റ് സ്പീക്കർ മുഹമ്മദ് ബാഗർ ഗാലിബാഫ്, വിദേശകാര്യ മന്ത്രി അബ്ബാസ് അരഗ്ചി ഉൾപ്പെടെയുള്ള ഉന്നത നേതാക്കൾ പങ്കെടുത്തു. കറുത്ത വസ്ത്രധാരികളായ ആയിരക്കണക്കിന് ജനങ്ങളും ചടങ്ങിൽ സാന്നിധ്യം രേഖപ്പെടുത്തി ഖമേനിക്ക് അന്തിമോപചാരം അർപ്പിച്ചു.

ഖമേനിയുടെ മരണവും അതുമായി ബന്ധപ്പെട്ട രാഷ്ട്രീയ പ്രത്യാഘാതങ്ങളും ഇപ്പോഴും പശ്ചിമേഷ്യൻ രാഷ്ട്രീയത്തിൽ വലിയ ചർച്ചകൾക്ക് ഇടയാക്കുന്നതിനിടെയാണ് ട്രംപിന്റെ പരാമർശവും അന്താരാഷ്ട്ര ശ്രദ്ധ നേടുന്നത്.

മറുപടി രേഖപ്പെടുത്തുക