ആരോഗ്യ വകുപ്പിലെ പർച്ചേസുകൾക്ക് സമഗ്ര അന്വേഷണം; കഴിഞ്ഞ 10 വർഷത്തെ ഇടപാടുകൾ പരിശോധിക്കാൻ വിദഗ്ധ സമിതി

ആരോഗ്യ വകുപ്പിൽ നടന്നതായി ആരോപിക്കപ്പെടുന്ന അനാസ്ഥകളും സാമ്പത്തിക ക്രമക്കേടുകളും സംബന്ധിച്ച് സമഗ്ര അന്വേഷണം നടത്താൻ ആരോഗ്യ വകുപ്പ് മന്ത്രി കെ. മുരളീധരൻ നിർദ്ദേശം നൽകി. ഇതിന്റെ ഭാഗമായി കഴിഞ്ഞ പത്ത് വർഷത്തിനിടെ നടന്ന മുഴുവൻ പർച്ചേസ് ഇടപാടുകളും പരിശോധിക്കാൻ വിദഗ്ധ സമിതിയെ നിയോഗിച്ച് ആരോഗ്യ വകുപ്പ് അടിയന്തര ഉത്തരവിറക്കി.

കൊവിഡ് കാലയളവിൽ നടന്നതും അഴിമതി ആരോപണങ്ങൾ ഉയർന്നതുമായ വാങ്ങൽ നടപടികളും അന്വേഷണ പരിധിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. പർച്ചേസ് നടപടിക്രമങ്ങൾ, സാമ്പത്തിക ഇടപാടുകൾ, ടെൻഡർ നടപടികൾ എന്നിവ ഉൾപ്പെടെ വിശദമായ പരിശോധന നടത്താനാണ് സമിതിക്ക് ചുമതല നൽകിയിരിക്കുന്നത്.

രണ്ടാഴ്ചയ്ക്കുള്ളിൽ അന്വേഷണം പൂർത്തിയാക്കി വിശദമായ റിപ്പോർട്ട് സർക്കാരിന് സമർപ്പിക്കണമെന്ന് മന്ത്രി നിർദേശിച്ചിട്ടുണ്ട്. റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ക്രമക്കേടുകൾ നടന്നിട്ടുണ്ടോ എന്ന് പരിശോധിക്കുകയും ഉത്തരവാദികളായ ഉദ്യോഗസ്ഥരെയും ബന്ധപ്പെട്ട വ്യക്തികളെയും കണ്ടെത്തുകയും ചെയ്യും.

വകുപ്പിൽ നടന്നിട്ടുള്ള സാമ്പത്തിക ക്രമക്കേടുകളിലും വീഴ്ചകളിലും കുറ്റക്കാരാണെന്ന് കണ്ടെത്തുന്നവർക്കെതിരെ കർശന നടപടി സ്വീകരിക്കുമെന്നും സർക്കാർ വ്യക്തമാക്കിയിട്ടുണ്ട്. ആരോഗ്യ മേഖലയിലെ സുതാര്യതയും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനുള്ള നടപടികളുടെ ഭാഗമായാണ് അന്വേഷണത്തിന് ഉത്തരവിട്ടിരിക്കുന്നതെന്ന് ആരോഗ്യ വകുപ്പ് അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക