ബിജെപിയുടെ തെരഞ്ഞെടുപ്പ് ഫണ്ട് വിവാദത്തിൽ പാർട്ടിയെ കൂടുതൽ പ്രതിരോധത്തിലാക്കുന്ന ശബ്ദരേഖ പുറത്തുവന്നു. പ്രധാനമന്ത്രിയുടെ റോഡ് ഷോയ്ക്കും കട്ടൗട്ട് നിർമ്മാണത്തിനുമായി തയ്യാറാക്കിയ ബില്ലുകളിൽ കമ്മീഷൻ പങ്കിടുന്നതിനെക്കുറിച്ച് സംസ്ഥാന കമ്മിറ്റി അംഗവും ജില്ലാ നേതാവും തമ്മിൽ നടത്തിയതായി പറയപ്പെടുന്ന ഫോൺ സംഭാഷണമാണ് പുറത്തായത്.
കട്ടൗട്ട് ബില്ലുകൾ ഉയർത്തിക്കാട്ടി ലക്ഷങ്ങളുടെ തുക ക്രമീകരിക്കുന്നതിനെക്കുറിച്ചുള്ള ചർച്ചയാണ് ശബ്ദരേഖയിലുള്ളതെന്നാണ് റിപ്പോർട്ട്. ഇതിനിടെ, ഒരു ദിവസം 27 മണിക്കൂർ വാഹനം ഓടിച്ചതായി കാണിച്ച് വ്യാജ യാത്രാബിൽ സമർപ്പിച്ചതായും കണ്ടെത്തിയിട്ടുണ്ട്.
ബിജെപി ദേശീയ സംഘടനാ സെക്രട്ടറി ബി.എൽ. സന്തോഷ് നിയോഗിച്ച അന്വേഷണ സംഘമാണ് ക്രമക്കേടുകൾ കണ്ടെത്തിയതെന്നാണ് വിവരം. പുതിയ വെളിപ്പെടുത്തലുകൾ പാർട്ടിക്കുള്ളിലെ ഫണ്ട് വിവാദം കൂടുതൽ സജീവമാക്കിയിരിക്കുകയാണ്.
