കുട്ടികളെ അപമാനിച്ചെന്ന വിവാദം; മുൻകൂർ ജാമ്യത്തിന് പോകില്ലെന്ന് കെ.ടി. ജലീൽ

കുട്ടികളെ പൊതുവേദിയിൽ അപമാനിച്ചെന്ന വിവാദത്തിൽ വിശദീകരണവുമായി മുൻ ഉന്നത വിദ്യാഭ്യാസ മന്ത്രി കെ.ടി. ജലീൽ. മണ്ണാർക്കാട്ടെ പരിപാടിയിൽ കുട്ടികളോട് പെരുമാറിയത് ഒരു അധ്യാപകനെന്ന നിലയിലാണെന്നും അവരെ വേദനിപ്പിക്കാനോ അപമാനിക്കാനോ ഉദ്ദേശിച്ചിരുന്നില്ലെന്നും അദ്ദേഹം പറഞ്ഞു. കുട്ടികളിൽ പൊതുവായന കുറയുന്നത് ഗൗരവമുള്ള സാമൂഹ്യ പ്രശ്നമാണെന്നും, പരീക്ഷ കേന്ദ്രീകൃതമായ പഠനരീതിയാണ് നിലവിൽ കൂടുതലായി കാണുന്നതെന്നും അതിൽ തനിക്ക് ആശങ്കയുണ്ടെന്നും ജലീൽ വ്യക്തമാക്കി.

കുട്ടിയെ താൻ അടിക്കുകയോ നുള്ളുകയോ ചെയ്തിട്ടില്ലെന്ന് പറഞ്ഞ ജലീൽ, മണ്ണാർക്കാട്ടെ ചടങ്ങിൽ പങ്കെടുത്ത ഏതെങ്കിലും രക്ഷിതാക്കൾക്ക് തന്റെ പെരുമാറ്റത്തിൽ വിഷമമുണ്ടായിട്ടുണ്ടെങ്കിൽ ക്ഷമ പറയാൻ തയ്യാറാണെന്നും അറിയിച്ചു. പൊതുവിദ്യാഭ്യാസത്തിന്റെ നിലവാരം തകർക്കുന്ന തരത്തിൽ ചിലർ പ്രചാരണം നടത്തുകയാണെന്നും അദ്ദേഹം ആരോപിച്ചു.

“കേരളം എന്നത് ‘കാരളം’ എന്ന് എഴുതുന്ന കുട്ടികൾ കഴിഞ്ഞ പത്ത് വർഷമായി പൊതുവിദ്യാലയങ്ങളിൽ പഠിച്ചവരല്ലേ? അതിനെക്കുറിച്ച് സമൂഹം ചിന്തിക്കേണ്ടതുണ്ട്,” എന്നും ജലീൽ പറഞ്ഞു. ബാലാവകാശ കമ്മീഷൻ കേസെടുത്ത സാഹചര്യത്തിൽ താൻ മുൻകൂർ ജാമ്യത്തിന് പോകില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

അതേസമയം, ജലീലിനെതിരെ കേസെടുത്തത് സ്വാഭാവിക നടപടിയാണെന്ന് സംസ്ഥാന ബാലാവകാശ കമ്മീഷൻ ചെയർമാൻ അഡ്വ. മനോജ് കുമാർ പ്രതികരിച്ചു. കുട്ടികൾക്ക് പരാതിയില്ലെങ്കിൽ ആർക്കും ബുദ്ധിമുട്ടുണ്ടാകില്ലെന്നും, എന്നാൽ കുട്ടികളോട് വടിയെടുത്തോ ഭീഷണിപ്പെടുത്തിയോ പെരുമാറുന്നതാണ് ശരിയായ അധ്യാപനരീതി എന്ന് കരുതുന്നത് അംഗീകരിക്കാനാവില്ലെന്നും അദ്ദേഹം പറഞ്ഞു.

മണ്ണാർക്കാട് നഗരസഭയിലെ 19, 20, 22 വാർഡുകളുടെ വിജയോത്സവ പരിപാടിക്കിടെയാണ് വിവാദത്തിന് ഇടയാക്കിയ സംഭവം നടന്നത്. ചടങ്ങിൽ പങ്കെടുത്ത വിദ്യാർഥികളെ വേദിയിലേക്ക് വിളിച്ചുവരുത്തിയ ജലീൽ, ചില ചോദ്യങ്ങൾ ചോദിക്കുകയും വിലാസം തെറ്റായി എഴുതിയതായി ചൂണ്ടിക്കാട്ടി ഒരു കുട്ടിയെ ശാസിക്കുകയും ചെയ്തിരുന്നു. ഇതിന്റെ ദൃശ്യങ്ങൾ സാമൂഹിക മാധ്യമങ്ങളിൽ വ്യാപകമായി പ്രചരിച്ചതോടെയാണ് വിവാദം ശക്തമായത്.

സംഭവത്തിൽ മന്ത്രി ബിന്ദു കൃഷ്ണയും പ്രതികരിച്ചിരുന്നു. പൊതുവേദിയിൽ വെച്ച് കുട്ടികളെ അപമാനിക്കുന്നത് ഒരിക്കലും അംഗീകരിക്കാനാകില്ലെന്നും, കുട്ടികളുടെ ആത്മാഭിമാനത്തെ മുറിവേൽപ്പിക്കുന്ന സമീപനങ്ങൾ ഒഴിവാക്കണമെന്നും മന്ത്രി അഭിപ്രായപ്പെട്ടു.

മറുപടി രേഖപ്പെടുത്തുക