കേരളത്തിൽ ഇത്തവണ യുഡിഎഫ് ശക്തമായ തരംഗമുണ്ടാക്കി നൂറിലധികം സീറ്റുകൾ നേടി അധികാരത്തിലെത്തുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് പറഞ്ഞു. യുഡിഎഫ് പൂർണ്ണ ആത്മവിശ്വാസത്തിലാണെന്നും കഴിഞ്ഞ തദ്ദേശ തെരഞ്ഞെടുപ്പിൽ ഉണ്ടായ അനുകൂല പ്രവണത ഇത്തവണയും ആവർത്തിക്കുമെന്നുമാണ് അദ്ദേഹത്തിന്റെ വിലയിരുത്തൽ.
പേരാവൂർ നിയോജകമണ്ഡലത്തിലെ നാലാം നമ്പർ ബൂത്തിൽ വോട്ട് രേഖപ്പെടുത്താൻ എത്തിയപ്പോഴായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം. തന്റെ വിജയസാധ്യതയെക്കുറിച്ച് ശുഭാപ്തിവിശ്വാസം പ്രകടിപ്പിച്ച സണ്ണി ജോസഫ്, പേരാവൂരിൽ മൂന്ന് തവണ വിജയിച്ചിട്ടുണ്ടെന്നും നാലാം തവണയും വിജയം ആവർത്തിക്കുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചു.
വിവിധ സർവേകൾ പരാജയം പ്രവചിച്ചിട്ടുണ്ടെങ്കിലും ജനങ്ങളുടെ പിന്തുണയിലാണ് തനിക്ക് വിശ്വാസമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
