കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ 10 വർഷമായി പിണറായി വിജയൻ സർക്കാരിനെ സഹിക്കുകയായിരുന്നു: കെസി വേണുഗോപാൽ

കേരളത്തിലെ ജനങ്ങൾ കഴിഞ്ഞ പത്ത് വർഷമായി പിണറായി വിജയൻ സർക്കാരിനെ സഹിച്ചു കൊണ്ടിരിക്കുകയാണെന്നും, ഇത്തവണ നൂറിലധികം സീറ്റുകൾ നേടി യുഡിഎഫ് ശക്തമായി അധികാരത്തിലെത്തുമെന്നും എഐസിസി ജനറൽ സെക്രട്ടറി കെ.സി. വേണുഗോപാൽ എംപി പറഞ്ഞു. വോട്ട് രേഖപ്പെടുത്തിയതിന് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം.

പ്രളയം മനുഷ്യനിർമിതമാണെന്ന ഗുരുതര ആരോപണത്തിന് മുഖ്യമന്ത്രി മറുപടി നൽകാൻ തയ്യാറായിട്ടില്ലെന്നും, “അയ്യന്റെ സ്വർണം കട്ടവർക്കെതിരെ” ജനങ്ങൾ വിധി പറയുന്ന ദിനമാണിതെന്നും അദ്ദേഹം വിമർശിച്ചു.

സംസ്ഥാനത്ത് ശക്തമായ ഭരണവിരുദ്ധ വികാരം നിലനിൽക്കുകയാണെന്നും, ഒരു മന്ത്രിക്കെതിരെ വ്യാജ സന്ദേശം പ്രചരിപ്പിച്ചിട്ടും എന്തുകൊണ്ട് കേസെടുത്തില്ലെന്നതും അദ്ദേഹം ചോദിച്ചു. പണംകൊണ്ട് കേരളത്തെ സ്വാധീനിക്കാമെന്ന ബിജെപിയുടെ ശ്രമം വിജയിക്കില്ലെന്നും, ഈ തിരഞ്ഞെടുപ്പിലൂടെ ജനങ്ങൾ അതിന് തക്ക മറുപടി നൽകുമെന്നും അദ്ദേഹം വ്യക്തമാക്കി.

ജനങ്ങൾ വ്യക്തമായ രാഷ്ട്രീയ ബോധത്തോടെ പോളിങ് ബൂത്തുകളിലേക്ക് എത്തുകയാണെന്നും, യുഡിഎഫിന് അനുകൂലമായ വലിയ തരംഗം സംസ്ഥാനത്ത് രൂപപ്പെട്ടിട്ടുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക