മണിപ്പൂരിൽ സംഘർഷം; അസം റൈഫിൾസ് ക്യാമ്പിന് നേരെ ജനക്കൂട്ടത്തിന്റെ കല്ലേറും അക്രമശ്രമവും

മണിപ്പൂരിലെ സേനാപതി ജില്ലയിൽ ചൊവ്വാഴ്ച രാത്രി സംഘർഷാവസ്ഥ രൂക്ഷമായി. സേനാപതി പട്ടണത്തിലെ അസം റൈഫിൾസ് ക്യാമ്പിന് പുറത്ത് വൻ ജനക്കൂട്ടം തടിച്ചുകൂടുകയും തുടർന്ന് അക്രമ സംഭവങ്ങൾ ഉണ്ടാകുകയും ചെയ്തതായി അധികൃതർ അറിയിച്ചു.

ആയുധധാരികളായ എൻഎസ്‌സിഎൻ (ഐഎം) പ്രവർത്തകരുടെ സാന്നിധ്യം സംബന്ധിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ സുരക്ഷാ സേന തിരച്ചിൽ ആരംഭിച്ചതിന് പിന്നാലെയാണ് സംഘർഷമുണ്ടായതെന്നാണ് പ്രതിരോധ മന്ത്രാലയ വക്താവ് വ്യക്തമാക്കിയത്.

സേനാപതിയിലെ ഒക്ലാങ് മേഖലയിൽ പ്രവർത്തിക്കുന്ന എൻഎസ്‌സിഎൻ (ഐഎം) ക്യാമ്പിന് സമീപമുള്ള മാഗുലോങ്ഡി ജനറൽ ഏരിയയിൽ ആയുധധാരികളുടെ സാന്നിധ്യമുണ്ടെന്ന വിവരത്തെ തുടർന്നാണ് അസം റൈഫിൾസ് പരിശോധന നടത്തിയത്. എന്നാൽ, മാഗുലോങ്ഡി, ഒക്ലാങ് ഗ്രാമങ്ങളിലേക്ക് നീങ്ങിയ സൈനികരെ സ്ത്രീകൾ ഉൾപ്പെടെയുള്ള നാട്ടുകാർ തടഞ്ഞതായി ഉദ്യോഗസ്ഥർ പറഞ്ഞു.

സൈന്യം പരമാവധി സംയമനം പാലിക്കുകയും പ്രാദേശിക പ്രതിനിധികളുമായി ചർച്ച നടത്തുകയും ചെയ്തതായി അധികൃതർ അറിയിച്ചു. സുരക്ഷ ഉറപ്പാക്കുന്നതിനും സമാധാനം നിലനിർത്തുന്നതിനുമാണ് പരിശോധനയെന്നും അനുമതിയില്ലാതെ ഗ്രാമങ്ങളിൽ പ്രവേശിക്കില്ലെന്നും നാട്ടുകാർക്ക് ഉറപ്പ് നൽകിയതായും അവർ വ്യക്തമാക്കി.

എന്നാൽ, പിന്നീട് സേനാപതി പട്ടണത്തിൽ വലിയ ജനക്കൂട്ടം ഒത്തുകൂടി അസം റൈഫിൾസ് ക്യാമ്പിലേക്ക് മാർച്ച് ചെയ്യുകയും കല്ലേറ് നടത്തുകയും തീ വെക്കാൻ ശ്രമിക്കുകയും ചെയ്തതായി റിപ്പോർട്ടുണ്ട്. ജനക്കൂട്ടത്തെ നിയന്ത്രിക്കാൻ സുരക്ഷാ സേന ശൂന്യ വെടിയുണ്ടകളും കണ്ണീർ വാതക ഷെല്ലുകളും പ്രയോഗിച്ചു.

സംഘർഷത്തിനിടെ അസം റൈഫിൾസ് വാഹനങ്ങൾക്ക് കേടുപാടുകൾ സംഭവിച്ചതായും ഒരു ലൈറ്റ് ട്രക്ക് കത്തിച്ചതായും രണ്ട് ട്രക്കുകൾ മറിച്ചിട്ട് നശിപ്പിച്ചതായും അധികൃതർ അറിയിച്ചു. ഒരു സാധാരണക്കാരന്റെ കാറിനും തീ വെച്ചതായി റിപ്പോർട്ടുണ്ട്.

സേനാപതി പോലീസ്, സിആർപിഎഫ്, അസം റൈഫിൾസ് എന്നിവരുടെ സംയുക്ത ഇടപെടലിലൂടെ സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി. അർധരാത്രിയോടെ ജനക്കൂട്ടം പിരിഞ്ഞുപോയതായും നിലവിൽ പ്രദേശത്തെ സാഹചര്യം ശാന്തമാണെന്നും അധികൃതർ അറിയിച്ചു.

അതേസമയം, സുരക്ഷാ സേനയിലോ സാധാരണക്കാരിലോ ആളപായമോ പരിക്കുകളോ റിപ്പോർട്ട് ചെയ്തിട്ടില്ലെന്നാണ് ഔദ്യോഗിക വിശദീകരണം.

1997 മുതൽ എൻഎസ്‌സിഎൻ (ഐഎം) കേന്ദ്ര സർക്കാരുമായി വെടിനിർത്തൽ കരാറിലുള്ള സംഘടനയാണ്. എന്നാൽ വെടിനിർത്തൽ വ്യവസ്ഥകൾ ലംഘിച്ച് നിയുക്ത ക്യാമ്പുകൾക്ക് പുറത്തേക്ക് സായുധ പ്രവർത്തകർ നീങ്ങുന്നതായി ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന നടത്തിയതെന്ന് സുരക്ഷാ വൃത്തങ്ങൾ അറിയിച്ചു.

മറുപടി രേഖപ്പെടുത്തുക