കേരളത്തിൽ വൻ കപ്പൽ നിർമാണ സംരംഭം ആരംഭിക്കാൻ ടാറ്റ ഗ്രൂപ്പ് താൽപര്യം പ്രകടിപ്പിച്ചതായി മുഖ്യമന്ത്രി വി.ഡി. സതീശൻ അറിയിച്ചു. പദ്ധതിയുടെ ഭാഗമായി ഏകദേശം 10,000 കോടി രൂപ നിക്ഷേപിക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നതെന്നും ഇതിനായുള്ള അനുമതിക്കായി സംസ്ഥാന സർക്കാരിന് അപേക്ഷ നൽകിയിട്ടുണ്ടെന്നും അദ്ദേഹം ബ്ലൂംബെർഗിന് നൽകിയ അഭിമുഖത്തിൽ വ്യക്തമാക്കുകയായിരുന്നു .
അപേക്ഷ വിശദമായി പരിശോധിച്ച ശേഷമായിരിക്കും സർക്കാർ അന്തിമ തീരുമാനമെടുക്കുക. പദ്ധതി അംഗീകരിക്കുകയാണെങ്കിൽ കപ്പൽ നിർമാണത്തിനാവശ്യമായ സ്ഥലം അനുവദിക്കുമെന്നും മുഖ്യമന്ത്രി പറഞ്ഞു. ടാറ്റ ഗ്രൂപ്പിന്റെ നിർദേശത്തെ സർക്കാർ അനുകൂലമായാണ് കാണുന്നതെന്നും ഒരു മാസത്തിനകം പദ്ധതിക്ക് അംഗീകാരം നൽകാൻ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ബ്ലൂംബെർഗ് റിപ്പോർട്ട് ചെയ്യുന്നു.
ഓട്ടോമൊബൈൽ, സ്റ്റീൽ, ഹോട്ടൽ ഉൾപ്പെടെ വിവിധ മേഖലകളിൽ സാന്നിധ്യമുള്ള ടാറ്റ ഗ്രൂപ്പ് കപ്പൽ നിർമാണ മേഖലയിലേക്കും പ്രവേശിക്കാൻ താൽപര്യം പ്രകടിപ്പിക്കുന്നതായാണ് റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നത്. എന്നാൽ വിഷയത്തിൽ ടാറ്റ ഗ്രൂപ്പ് ഇതുവരെ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല.
ആഗോള സമുദ്രവ്യാപാരത്തിൽ ഇന്ത്യയുടെ സാന്നിധ്യം ശക്തിപ്പെടുത്തുന്നതിനും രാജ്യത്തിന്റെ കപ്പൽ നിർമാണ ശേഷി വർധിപ്പിക്കുന്നതിനുമുള്ള ശ്രമങ്ങൾക്കിടെയാണ് ടാറ്റ ഗ്രൂപ്പിന്റെ ഈ നീക്കം ശ്രദ്ധ നേടുന്നത്. അതേസമയം, പദ്ധതി എപ്പോൾ ആരംഭിക്കുമെന്നതടക്കമുള്ള കൂടുതൽ വിവരങ്ങൾ മുഖ്യമന്ത്രി പുറത്തുവിട്ടിട്ടില്ല.
