പശ്ചിമ ബംഗാളിലെ ഭരണകക്ഷിയായ തൃണമൂൽ കോൺഗ്രസിന് വീണ്ടും തിരിച്ചടി. പാർട്ടിയുടെ രാജ്യസഭാ എംപിയും പ്രശസ്ത നടിയുമായ കോയൽ മല്ലിക് രാജിവച്ചു. വ്യാഴാഴ്ച രാജ്യസഭാ ചെയർമാനും ഉപരാഷ്ട്രപതിയുമായ സി.പി. രാധാകൃഷ്ണന് രാജിക്കത്ത് കൈമാറിയ കോയൽ, അത് എത്രയും വേഗം അംഗീകരിക്കണമെന്നാവശ്യപ്പെട്ടു.
ഈ വർഷം ഏപ്രിലിലാണ് കോയൽ മല്ലിക് രാജ്യസഭാംഗമായി സത്യപ്രതിജ്ഞ ചെയ്തത്. എന്നാൽ സ്ഥാനമേറ്റതിന് പിന്നാലെ ഏതാനും മാസങ്ങൾക്കുള്ളിൽ തന്നെ രാജിവെച്ചത് രാഷ്ട്രീയവൃത്തങ്ങളിൽ ശ്രദ്ധേയമായ ചർച്ചയായി. എംപിയായി തിരഞ്ഞെടുക്കപ്പെട്ടെങ്കിലും ഇതുവരെ രാജ്യസഭയുടെ ഒരു സമ്മേളനത്തിലും അവർ പങ്കെടുത്തിട്ടില്ലെന്നാണ് റിപ്പോർട്ടുകൾ.
കോയലിന്റെ രാജിയോടെ സമീപകാലത്ത് ടിഎംസി വിട്ട രാജ്യസഭാ എംപിമാരുടെ എണ്ണം നാലായി. സുഖേന്ദു ശേഖർ റേ, സുഷ്മിത ദേവ്, പ്രകാശ് ചിക് ബരായ്ക് എന്നിവരും നേരത്തെ പാർട്ടി വിട്ടിരുന്നു. ഇതോടെ രാജ്യസഭയിൽ ടിഎംസിയുടെ അംഗബലം ഒമ്പതായി ചുരുങ്ങിയതായാണ് വിവരം.
പശ്ചിമ ബംഗാളിൽ ടിഎംസി ആഭ്യന്തര വെല്ലുവിളികൾ നേരിടുന്ന സാഹചര്യത്തിലാണ് കോയൽ മല്ലിക്കിന്റെ രാജി. പാർട്ടിയിലെ ചില മുതിർന്ന നേതാക്കളും എംഎൽഎമാരും ബിജെപിയിലേക്ക് ചേക്കേറാൻ താൽപര്യം പ്രകടിപ്പിക്കുന്നുവെന്ന റിപ്പോർട്ടുകളും ഇതിനിടെ പുറത്തുവന്നിട്ടുണ്ട്.
അതേസമയം, രാജിക്ക് പിന്നാലെ കോയൽ മല്ലിക് കേന്ദ്രമന്ത്രി ഭൂപേന്ദർ യാദവുമായി കൂടിക്കാഴ്ച നടത്തിയതും രാഷ്ട്രീയ ചർച്ചകൾക്ക് വഴിവെച്ചിരിക്കുകയാണ്. അവരുടെ ഭാവി രാഷ്ട്രീയ നിലപാടിനെക്കുറിച്ച് വിവിധ തരത്തിലുള്ള അഭ്യൂഹങ്ങൾ ഇതിനോടകം ഉയർന്നിട്ടുണ്ട്.
