പാർട്ടി പരിപാടികളിൽ പാലും വെള്ളവും ഉപയോഗിച്ചുള്ള ‘പാലാഭിഷേകം’, ‘ജലാഭിഷേകം’ എന്നിവയ്ക്ക് തെലങ്കാന പ്രദേശ് കോൺഗ്രസ് കമ്മിറ്റി വിലക്കേർപ്പെടുത്തി. ജെസിബി, ബുൾഡോസർ തുടങ്ങിയ ഹെവി മെഷിനറികൾ ഉപയോഗിച്ച് നേതാക്കളെ മാലയിടുന്ന രീതിയും ഇനി അനുവദിക്കില്ലെന്ന് പാർട്ടി നേതൃത്വം വ്യക്തമാക്കി.
ടിപിസിസി അധ്യക്ഷൻ മഹേഷ് കുമാർ ഗൗഡ് പാർട്ടി പ്രവർത്തകർക്ക് നൽകിയ നിർദേശപ്രകാരം, സന്ദർഭമോ സ്ഥലമോ നോക്കാതെ ഒരു പാർട്ടി പരിപാടിയിലും ഇത്തരം ചടങ്ങുകൾ നടത്താൻ പാടില്ല. ഇവ കോൺഗ്രസ് പാർട്ടിയുടെ പ്രത്യയശാസ്ത്രത്തിനും മൂല്യങ്ങൾക്കും വിരുദ്ധമാണെന്നും അദ്ദേഹം വ്യക്തമാക്കി.
നിർദേശം ലംഘിക്കുന്നവർക്കെതിരെ അച്ചടക്ക നടപടി സ്വീകരിക്കുമെന്നും മുന്നറിയിപ്പുണ്ട്. ടിപിസിസി വൈസ് പ്രസിഡന്റ് ടി. കുമാർ റാവു പുറത്തിറക്കിയ സർക്കുലറിൽ, എഐസിസി തെലങ്കാന ചുമതലയുള്ള മീനാക്ഷി നടരാജന്റെ നിർദേശപ്രകാരമാണ് ഈ തീരുമാനമെന്ന് വ്യക്തമാക്കുന്നു.
ജനങ്ങൾ പോഷകാഹാരക്കുറവ് ഉൾപ്പെടെയുള്ള പ്രശ്നങ്ങൾ നേരിടുന്ന സാഹചര്യത്തിൽ പാലും വെള്ളവും പാഴാക്കുന്ന രീതികൾ ഒഴിവാക്കി, പകരം ഭക്ഷ്യവസ്തുക്കൾ വിതരണം ചെയ്യുന്നതുപോലുള്ള സാമൂഹിക ഉത്തരവാദിത്തമുള്ള പ്രവർത്തനങ്ങൾ സംഘടിപ്പിക്കാനാണ് പാർട്ടി നിർദേശിച്ചിരിക്കുന്നത്.
അതേസമയം, ജെസിബി, ബുൾഡോസർ തുടങ്ങിയ വാഹനങ്ങൾ അടിച്ചമർത്തലിന്റെ പ്രതീകങ്ങളാണെന്നും, നേതാക്കളെ മാലയിടാൻ ഇത്തരം യന്ത്രങ്ങൾ ഉപയോഗിക്കുന്നതും ഇനി കർശനമായി നിരോധിച്ചിരിക്കുകയാണെന്നും സർക്കുലറിൽ വ്യക്തമാക്കുന്നു. ഈ നിർദേശം ലംഘിച്ചാലും അച്ചടക്ക നടപടി നേരിടേണ്ടിവരുമെന്ന് പാർട്ടി അറിയിച്ചു.
