ഫുട്ബോൾ മത്സരം കാണുന്നതിനിടെ വൈദ്യുതി മുടങ്ങിയതിലുള്ള പ്രകോപനത്തെ തുടർന്ന് അന്നമനട കെഎസ്ഇബി സെക്ഷൻ ഓഫീസിൽ അതിക്രമിച്ച് കയറി ജീവനക്കാരനെ മർദിക്കുകയും ഓഫീസ് ക്യാബിൻ തകർക്കുകയും ചെയ്ത സംഭവത്തിൽ അഞ്ച് പേർ അറസ്റ്റിൽ.
അന്നമനട വെണ്ണൂർ സ്വദേശികളായ മണി (41), അഭിജിത്ത് (26), അരുണ്‍ (26), വാഴേലിത്തറ വീട്ടിൽ കമലേഷ് (45), തേക്കുംകാട്ടിൽ വീട്ടിൽ ഗിരീഷ് (37) എന്നിവരെയാണ് മാള പൊലീസ് അറസ്റ്റ് ചെയ്തത്.
ജൂലൈ 15 രാത്രി 11.55 ഓടെയായിരുന്നു സംഭവം. അർജന്റീന–ഇംഗ്ലണ്ട് ഫുട്ബോൾ മത്സരം കാണാൻ ഒരുങ്ങുന്നതിനിടെ വൈദ്യുതി മുടങ്ങിയതിനെ തുടർന്നാണ് പ്രതികൾ കെഎസ്ഇബി സെക്ഷൻ ഓഫീസിൽ എത്തിയത്. തുടർന്ന് വടികൊണ്ട് ഓഫീസിലെ ക്യാബിൻ അടിച്ചുതകർത്തതായാണ് പൊലീസ് പറയുന്നത്.
പിന്നീട് ജൂലൈ 16 പുലർച്ചെ 12.05 ഓടെ വീണ്ടും ഓഫീസിലെത്തിയ പ്രതികളോട് കാര്യമന്വേഷിച്ച ഓപ്പറേറ്റർ കുഴൂർ പാറപ്പുറം സ്വദേശി കോട്ടായി വീട്ടിൽ നിഥിൻ (37)നെ വടികൊണ്ട് ആക്രമിച്ച് പരിക്കേൽപ്പിക്കുകയായിരുന്നു.
ഓഫീസ് ക്യാബിൻ തകർത്തതിലൂടെ ഏകദേശം 10,000 രൂപയുടെ നഷ്ടമുണ്ടായതായി പരാതി ലഭിച്ചിട്ടുണ്ട്. ഔദ്യോഗിക കൃത്യനിർവഹണം തടസ്സപ്പെടുത്തിയതിനും പൊതുമുതൽ നശിപ്പിച്ചതിനും പ്രതികൾക്കെതിരെ കേസെടുത്തു.
മാള പൊലീസ് സ്റ്റേഷൻ എസ്.ഐ ഫൈസൽ കോറോത്ത്, സീനിയർ സിവിൽ പൊലീസ് ഓഫീസർമാരായ വിനോദ് കെ.എഫ്, ഷാരോൺ കെ.ആർ എന്നിവരുടെ നേതൃത്വത്തിലാണ് പ്രതികളെ പിടികൂടിയത്. നിയമനടപടികൾ പൂർത്തിയാക്കിയ ശേഷം പ്രതികളെ കോടതിയിൽ ഹാജരാക്കും.
