ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട വിവാദത്തിന്റെ പശ്ചാത്തലത്തിൽ കെഎസ്യുവും മുഖ്യമന്ത്രി വി.ഡി. സതീശനും തമ്മിലുള്ള അഭിപ്രായഭിന്നത കൂടുതൽ ശക്തമാകുന്നു. കൊച്ചി തേവര കോളേജിൽ നടന്ന ചടങ്ങിൽ മുഖ്യമന്ത്രിയും കെഎസ്യു സംസ്ഥാന പ്രസിഡന്റ് അലോഷ്യസ് സേവ്യറും പങ്കെടുത്തെങ്കിലും പരസ്പരം സംസാരിക്കാതിരുന്നത് പുതിയ ചർച്ചകൾക്ക് വഴിവെച്ചു.
സംഭവത്തിൽ പ്രതികരിച്ച അലോഷ്യസ് സേവ്യർ, “കേരളത്തിന്റെ മുഖ്യമന്ത്രിയെ കാണുമ്പോൾ ചിരിക്കുക എന്നതാണ് ഞാൻ പഠിച്ച രാഷ്ട്രീയം. മുഖ്യമന്ത്രി എന്നെ കണ്ടോ ഇല്ലയോ എന്നറിയില്ല. എന്നാൽ കെഎസ്യു പ്രവർത്തകരുടെ ചോരയും വിയർപ്പും ചേർന്നാണ് ഈ യുഡിഎഫ് സർക്കാർ രൂപപ്പെട്ടത്,” എന്ന് പറഞ്ഞു.
ഗവൺമെന്റ് പ്ലീഡർ നിയമനത്തിൽ സർക്കാരിന്റെ ഭാഗത്ത് ചെറിയ വീഴ്ച സംഭവിച്ചെന്നും അത് ചൂണ്ടിക്കാട്ടുക മാത്രമാണ് കെഎസ്യു ചെയ്തതെന്നും അലോഷ്യസ് വ്യക്തമാക്കി. “തെറ്റ് കണ്ടാൽ പറയുന്ന ശീലം തുടരും. അതിനെ വിമർശനമായി കാണേണ്ടതില്ല,” എന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
ഇടത് സർക്കാരിനെതിരെ ക്യാമ്പസുകളിലും തെരുവുകളിലും വർഷങ്ങളോളം പോരാട്ടം നടത്തിയ പ്രവർത്തകരുടെ വികാരമാണ് കെഎസ്യു ഉയർത്തിക്കാട്ടിയതെന്ന് അദ്ദേഹം പറഞ്ഞു. സംസ്ഥാന അധ്യക്ഷനെന്ന നിലയിൽ പ്രവർത്തകരുടെ ആശങ്കകൾ സർക്കാരിന്റെ ശ്രദ്ധയിൽപ്പെടുത്തുക തന്റെ ഉത്തരവാദിത്തമാണെന്നും അദ്ദേഹം വ്യക്തമാക്കി.
മുഖ്യമന്ത്രിയെ കാണാൻ സാധിക്കാത്തതിൽ വ്യക്തിപരമായ പരിഭവമില്ലെന്നും, ഇനിയും കൂടിക്കാഴ്ചയ്ക്ക് ശ്രമിച്ച് ഗവൺമെന്റ് പ്ലീഡർ നിയമനവുമായി ബന്ധപ്പെട്ട ആശങ്കകൾ നേരിട്ട് അറിയിക്കുമെന്നും അലോഷ്യസ് സേവ്യർ പറഞ്ഞു.
തേവര കോളേജിലെ പൂർവവിദ്യാർഥികളായ മുഖ്യമന്ത്രി വി.ഡി. സതീശനും ചീഫ് വിപ്പ് അപു ജോൺ ജോസഫിനും നൽകിയ സ്വീകരണച്ചടങ്ങിൽ കോളജ് മാനേജ്മെന്റിന്റെ പ്രത്യേക ക്ഷണപ്രകാരമാണ് താൻ പങ്കെടുത്തതെന്നും, തന്റെ രാഷ്ട്രീയ ജീവിതത്തെയും വ്യക്തിത്വത്തെയും രൂപപ്പെടുത്തിയ സ്ഥാപനമാണ് തേവര കോളജെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
