നിയമസഭ തെരഞ്ഞെടുപ്പില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥര്‍ക്ക് ഇനി പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ അവസരം ഇല്ലെന്ന് ഹൈക്കോടതി വ്യക്തമാക്കി. പോസ്റ്റല്‍ വോട്ട് നിഷേധിച്ചതായി ചൂണ്ടിക്കാട്ടി സര്‍ക്കാര്‍ ജീവനക്കാര്‍ നല്‍കിയ ഹര്‍ജി കോടതി തള്ളി. വോട്ട് നിഷേധവുമായി ബന്ധപ്പെട്ട പരാതികള്‍ റിറ്റ് ഹര്‍ജിയിലൂടെയല്ല, തെരഞ്ഞെടുപ്പ് ഹര്‍ജിയിലൂടെയാണ് ഉന്നയിക്കേണ്ടതെന്നും കോടതി വ്യക്തമാക്കി.
തെരഞ്ഞെടുപ്പ് ഡ്യൂട്ടിയിലുണ്ടായിരുന്ന ഏകദേശം 20,000 പേര്‍ക്ക് പോസ്റ്റല്‍ വോട്ട് ചെയ്യാന്‍ സാധിച്ചില്ലെന്ന് ആരോപിച്ച് എന്‍ജിഒ യൂണിയന്‍ ഉള്‍പ്പെടെയുള്ളവര്‍ കോടതിയെ സമീപിച്ചിരുന്നു. വോട്ടെണ്ണല്‍ ദിവസത്തിന്റെ രാവിലെ വരെ പോസ്റ്റല്‍ വോട്ട് ചെയ്യാനും അത് വരണാധികാരിക്ക് സമര്‍പ്പിക്കാനും അവകാശമുണ്ടെന്നായിരുന്നു ഹര്‍ജിക്കാരുടെ വാദം.
എന്നാല്‍, ഈ വാദങ്ങളെ തെരഞ്ഞെടുപ്പ് കമ്മീഷന്‍ എതിര്‍ത്തു. ഹര്‍ജിക്കാരുടെ സ്വന്തം വീഴ്ചകള്‍ മൂലമാണ് വോട്ട് ചെയ്യാന്‍ സാധിക്കാതിരുന്നതെന്ന് കമ്മീഷന്‍ കോടതിയില്‍ അറിയിച്ചു. ചിലര്‍ ആവശ്യമായ ഫോമുകള്‍ കൃത്യമായി സമര്‍പ്പിച്ചില്ലെന്നും, മറ്റൊരാള്‍ പോസ്റ്റല്‍ ബാലറ്റ് കൈപ്പറ്റിയില്ലെന്നും കമ്മീഷന്‍ വ്യക്തമാക്കി.
പോസ്റ്റല്‍ വോട്ടിനായി പ്രത്യേക സംവിധാനം ഒരുക്കിയിരുന്നുവെന്നും, അതിലൂടെ മാത്രമേ വോട്ട് ചെയ്യാനാവൂവെന്നും കമ്മീഷന്‍ അറിയിച്ചു. വോട്ടെണ്ണല്‍ വരെ വോട്ട് ചെയ്യാനുള്ള അവകാശം സര്‍വീസ് വോട്ടര്‍മാര്‍ക്കു മാത്രമാണെന്നും കോടതി ശ്രദ്ധയില്‍പ്പെടുത്തി.
ഇതിനെ അടിസ്ഥാനമാക്കി തെരഞ്ഞെടുപ്പ് കമ്മീഷന്റെ വാദങ്ങള്‍ അംഗീകരിച്ച ഹൈക്കോടതി, ഇനി പോസ്റ്റല്‍ വോട്ട് അനുവദിക്കാനാകില്ലെന്ന ഇടക്കാല ഉത്തരവ് പുറപ്പെടുവിച്ചു.
