രാജ്യത്ത് പ്ലാസ്റ്റിക് കറൻസി നോട്ടുകളിലേക്ക് ആർബിഐ; 10, 20 രൂപ നോട്ടുകളിൽ പൈലറ്റ് പദ്ധതി ഒരുങ്ങുന്നു

ഇന്ത്യയിൽ കൂടുതൽ ഈടുനിൽക്കുന്നതും സുരക്ഷിതവുമായ പോളിമർ (പ്ലാസ്റ്റിക്) കറൻസി നോട്ടുകൾ അവതരിപ്പിക്കാനുള്ള നടപടികൾ റിസർവ് ബാങ്ക് ഓഫ് ഇന്ത്യ വേഗത്തിലാക്കി. ഇതിന്റെ ഭാഗമായി 10 രൂപ, 20 രൂപ നോട്ടുകൾ ഉപയോഗിച്ച് പൈലറ്റ് പദ്ധതി ആരംഭിക്കാനുള്ള ഒരുക്കങ്ങളാണ് പുരോഗമിക്കുന്നത്.

ആർബിഐയുടെ കറൻസി അച്ചടി സ്ഥാപനമായ ഭാരതീയ റിസർവ് ബാങ്ക് നോട്ട് മുദ്രൺ പ്രൈവറ്റ് ലിമിറ്റഡ് (BRBNMPL) പോളിമർ നോട്ടുകൾ അച്ചടിക്കാൻ ആവശ്യമായ പ്രത്യേക അസംസ്കൃത വസ്തുക്കൾക്കായി ആഗോള ടെൻഡർ ക്ഷണിച്ചിട്ടുണ്ട്. സുരക്ഷാ സവിശേഷതകളുള്ള ഒപാസിഫൈഡ് ബയാക്സിയലി ഓറിയന്റഡ് പോളിപ്രൊഫൈലിൻ ഷീറ്റുകളാണ് വാങ്ങുന്നത്. രണ്ട് വിഭാഗം നോട്ടുകൾക്കായി ആകെ 68,000 റീം മെറ്റീരിയൽ ആവശ്യമാണ്. ടെൻഡർ സമർപ്പിക്കാനുള്ള അവസാന തീയതി ഓഗസ്റ്റ് 18 ആണ്.

വിപണിയിൽ ഏറ്റവും കൂടുതൽ പ്രചാരത്തിലുള്ളതും വേഗത്തിൽ കേടാകുന്നതുമായ 10 രൂപ, 20 രൂപ നോട്ടുകളാണ് ആദ്യഘട്ട പരീക്ഷണത്തിനായി പരിഗണിക്കുന്നതെന്നാണ് വിവരം. അടുത്ത വർഷം ഫീൽഡ് ട്രയൽ ആരംഭിക്കാനും പരീക്ഷണം വിജയിച്ചാൽ 2027 മുതൽ ഘട്ടംഘട്ടമായി പ്ലാസ്റ്റിക് നോട്ടുകൾ വ്യാപകമായി പ്രചാരത്തിലാക്കാനുമാണ് ലക്ഷ്യം. എന്നാൽ ഇതുസംബന്ധിച്ച് ആർബിഐ ഔദ്യോഗിക പ്രഖ്യാപനം നടത്തിയിട്ടില്ല.

നിലവിൽ ഇന്ത്യയിലെ കറൻസി നോട്ടുകൾ 100 ശതമാനം കോട്ടൺ അധിഷ്ഠിത പേപ്പറിലാണ് അച്ചടിക്കുന്നത്. ഇവ വേഗത്തിൽ കേടാകുന്നതിനാൽ എല്ലാ വർഷവും വൻതോതിൽ പഴയ നോട്ടുകൾ പിൻവലിക്കുകയും പുതിയത് അച്ചടിക്കുകയും ചെയ്യേണ്ട സാഹചര്യമുണ്ട്. 2025 സാമ്പത്തിക വർഷത്തിൽ മാത്രം കറൻസി അച്ചടിക്കായി 6,372.8 കോടി രൂപ ചെലവഴിച്ചതായി കണക്കുകൾ വ്യക്തമാക്കുന്നു.

പേപ്പർ നോട്ടുകളെ അപേക്ഷിച്ച് പോളിമർ നോട്ടുകൾ രണ്ട് മുതൽ അഞ്ച് മടങ്ങ് വരെ കൂടുതൽ കാലം ഉപയോഗിക്കാനാകും. വ്യാജനോട്ടുകൾ നിർമ്മിക്കുന്നത് കൂടുതൽ ബുദ്ധിമുട്ടാക്കുന്ന സുരക്ഷാ സംവിധാനങ്ങളും ഇവയ്ക്കുണ്ട്. ഓസ്‌ട്രേലിയ, ബ്രിട്ടൻ, കാനഡ എന്നിവ ഉൾപ്പെടെ 50-ലധികം രാജ്യങ്ങൾ ഇതിനകം പോളിമർ കറൻസി ഉപയോഗിക്കുന്നുണ്ട്.

2012-ൽ കൊച്ചി, മൈസൂർ, ജയ്പൂർ എന്നിവിടങ്ങളിൽ പ്ലാസ്റ്റിക് നോട്ടുകൾ പരീക്ഷണാടിസ്ഥാനത്തിൽ അവതരിപ്പിക്കാൻ ശ്രമിച്ചിരുന്നെങ്കിലും സാങ്കേതിക കാരണങ്ങളാൽ പദ്ധതി നടപ്പായിരുന്നില്ല. പുതിയ ടെൻഡറിൽ ചൈനയിലെയും പാകിസ്ഥാനിലെയും കമ്പനികൾക്ക് പങ്കെടുക്കാൻ അനുമതിയില്ലെന്നും, അസംസ്കൃത വസ്തുക്കൾ ആ രാജ്യങ്ങളിൽ നിന്ന് വാങ്ങരുതെന്നും ആർബിഐ വ്യക്തമാക്കിയിട്ടുണ്ട്. വിതരണം ചെയ്യുന്ന മെറ്റീരിയലിൽ മൃഗക്കൊഴുപ്പ് അടങ്ങിയിരിക്കരുതെന്ന വ്യവസ്ഥയും ഉൾപ്പെടുത്തിയിട്ടുണ്ട്.

മറുപടി രേഖപ്പെടുത്തുക