ജോർദാനിലെ യുഎസ് സൈനികർ ഉപയോഗിക്കുന്ന താവളങ്ങൾക്ക് നേരെ ഇറാൻ നടത്തിയ ആക്രമണത്തിൽ നിരവധി അമേരിക്കൻ സൈനികർക്ക് പരിക്കേറ്റതായി റിപ്പോർട്ട്. സിബിഎസ് ന്യൂസ് ആണ് യുഎസ് ഉദ്യോഗസ്ഥരെ ഉദ്ധരിച്ച് ഇക്കാര്യം പുറത്തുവിട്ടത്. എന്നാൽ പരിക്കേറ്റവരുടെ എണ്ണം സംബന്ധിച്ചോ പരിക്കുകളുടെ ഗുരുതരാവസ്ഥയെക്കുറിച്ചോ വ്യക്തമായ വിവരങ്ങൾ പുറത്തുവന്നിട്ടില്ല.
യുഎസ് സൈന്യം ഉപയോഗിക്കുന്ന കുറഞ്ഞത് രണ്ട് ജോർദാനിയൻ സൈനിക താവളങ്ങൾ ലക്ഷ്യമിട്ടായിരുന്നു ആക്രമണമെന്നാണ് റിപ്പോർട്ട്. ആക്രമണത്തിൽ അമേരിക്കൻ സൈനികരുടെയോ ജോർദാനിയൻ പൗരന്മാരുടെയോ മരണം റിപ്പോർട്ട് ചെയ്തിട്ടില്ല. സംഭവത്തിൽ യുഎസ് പ്രതിരോധ വകുപ്പ് ഔദ്യോഗിക സ്ഥിരീകരണം നൽകിയിട്ടില്ല.
ഇറാനിലെ യുഎസ് ആക്രമണങ്ങൾക്ക് മറുപടിയായാണ് കഴിഞ്ഞ ദിവസങ്ങളിലായി ജോർദാൻ, കുവൈത്ത്, ബഹ്റൈൻ, ഖത്തർ, ഒമാൻ, ഇറാഖ്, സിറിയ എന്നിവിടങ്ങളിലെ യുഎസ് സൈനിക കേന്ദ്രങ്ങൾക്കെതിരെ ഇറാൻ മിസൈൽ, ഡ്രോൺ ആക്രമണങ്ങൾ നടത്തുന്നതെന്നാണ് വിവരം.
ജോർദാനിലെ മുവാഫഖ് സാൾട്ടി വ്യോമതാവളത്തിൽ രണ്ട് ബാലിസ്റ്റിക് മിസൈലുകൾ പതിക്കുന്ന ദൃശ്യങ്ങൾ സമൂഹമാധ്യമങ്ങളിൽ പ്രചരിച്ചിരുന്നു. മിസൈലുകൾ പാട്രിയറ്റ് വ്യോമപ്രതിരോധ സംവിധാനങ്ങളെ മറികടന്നതായി ചില ഓപ്പൺ സോഴ്‌സ് നിരീക്ഷണ അക്കൗണ്ടുകൾ അവകാശപ്പെട്ടെങ്കിലും ഇതിന് ഔദ്യോഗിക സ്ഥിരീകരണമില്ല.
വെള്ളിയാഴ്ച യുഎസ് സെൻട്രൽ കമാൻഡ് ഇറാനെതിരെ തുടർച്ചയായ ഏഴാം ദിവസവും ആക്രമണം നടത്തിയതായും, പിന്നാലെ ഇറാൻ വീണ്ടും തിരിച്ചടിച്ചതായും റിപ്പോർട്ടുകളുണ്ട്. ഇറാനിയൻ സൈന്യം പുറത്തുവിട്ട വിവരങ്ങൾ പ്രകാരം, ജോർദാനിലെ അൽ അസ്രഖ് വ്യോമതാവളത്തിലെ ഇന്ധന സംഭരണ കേന്ദ്രങ്ങൾ, കുവൈത്തിലെ അൽ ഉദൈരി ക്യാമ്പിലെ വെടിക്കോപ്പ് സംഭരണ കേന്ദ്രങ്ങൾ, അലി അൽ സലേം വ്യോമതാവളത്തിലെ വിവിധ സൗകര്യങ്ങൾ എന്നിവ ലക്ഷ്യമിട്ടാണ് പുതിയ ആക്രമണങ്ങൾ നടത്തിയതെന്ന് അവകാശപ്പെട്ടു.
ബഹ്റൈനിലെ യുഎസ് ഡ്രോൺ കേന്ദ്രത്തിനും ആർട്ടിഫിഷ്യൽ ഇന്റലിജൻസ് സംവിധാനങ്ങൾക്കും നേരെ ആക്രമണം നടത്തിയതായും ഇറാൻ റെവല്യൂഷണറി ഗാർഡ്‌സ് അവകാശപ്പെട്ടു. എന്നാൽ പുതിയ ആക്രമണങ്ങളിൽ ഉണ്ടായ നാശനഷ്ടങ്ങളോ ആളപായമോ യുഎസ്, ജോർദാൻ അധികൃതർ ഇതുവരെ സ്ഥിരീകരിച്ചിട്ടില്ല. മേഖലയിൽ സംഘർഷാവസ്ഥ തുടരുന്നതിനാൽ കൂടുതൽ വിവരങ്ങൾ പുറത്തുവരാനുണ്ട്.
