കപ്പൽ നിർമാണ വിവാദം: മുഖ്യമന്ത്രി കള്ളം പറഞ്ഞിട്ടില്ലെന്ന് കുഞ്ഞാലിക്കുട്ടി; ടാറ്റ പ്രതിനിധികളുമായുള്ള കൂടിക്കാഴ്ചയുടെ ചിത്രം പുറത്ത്

കപ്പൽ നിർമാണ പദ്ധതിയുമായി ബന്ധപ്പെട്ട വിവാദത്തിൽ മുഖ്യമന്ത്രി വി.ഡി. സതീശനെ പിന്തുണച്ച് മന്ത്രി പി.കെ. കുഞ്ഞാലിക്കുട്ടി രംഗത്ത്. ടാറ്റ പ്രതിനിധികളുമായി മുഖ്യമന്ത്രിയോടൊപ്പം നടത്തിയ ചർച്ചയുടെ ചിത്രം പുറത്തുവിട്ടുകൊണ്ടാണ് കുഞ്ഞാലിക്കുട്ടിയുടെ പ്രതികരണം.

കഴിഞ്ഞ നിയമസഭാ സമ്മേളന കാലത്താണ് ടാറ്റ പ്രതിനിധികളുമായി കൂടിക്കാഴ്ച നടന്നതെന്ന് കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി. ഷിപ്പിങ് മേഖലയുമായി ബന്ധപ്പെട്ട പദ്ധതിയെക്കുറിച്ചാണ് ചർച്ച നടന്നതെന്നും, ഇത് എൽഡിഎഫ് സർക്കാരിന്റെ കാലത്ത് ഒപ്പുവച്ച ധാരണാപത്രത്തിന്റെ തുടർച്ചയായിരുന്നുവെന്നും അദ്ദേഹം പറഞ്ഞു.

കേരളത്തിൽ 300 കോടി രൂപയുടെ നിക്ഷേപം നടത്താമെന്ന് ടാറ്റ നേരത്തെ അറിയിച്ചിരുന്നതായും, അതിനാൽ ടാറ്റയുമായി ചർച്ച നടന്നിട്ടില്ലെന്ന വാദം തെറ്റാണെന്നും കുഞ്ഞാലിക്കുട്ടി വ്യക്തമാക്കി.

“ടാറ്റ പ്രതിനിധികൾ സർക്കാരിനെ വന്ന് കണ്ടിരുന്നു. മുഖ്യമന്ത്രി പറഞ്ഞത് തെറ്റല്ല. പദ്ധതിയുടെ ആകെ നിക്ഷേപ സാധ്യതയെക്കുറിച്ചാണ് അദ്ദേഹം പരാമർശിച്ചത്,” എന്നും മന്ത്രി പറഞ്ഞു. ജൂൺ 29ന് നടന്ന ചർച്ചയിൽ പദ്ധതിയിൽ പുരോഗതിയുണ്ടായതായും അദ്ദേഹം കൂട്ടിച്ചേർത്തു.

കേരളത്തിൽ കപ്പൽ നിർമാണ സംരംഭത്തിനായി ടാറ്റ 10,000 കോടി രൂപ നിക്ഷേപിക്കുമെന്ന മുഖ്യമന്ത്രിയുടെ പ്രസ്താവനയാണ് നേരത്തെ വിവാദമായത്. ഇതിനെതിരെ മുൻമന്ത്രി പി. രാജീവ് വിമർശനം ഉന്നയിക്കുകയും, മുഖ്യമന്ത്രി “എട്ടുകാലി മമ്മൂഞ്ഞാകരുത്” എന്ന് പരിഹസിക്കുകയും ചെയ്തിരുന്നു.

മറുപടി രേഖപ്പെടുത്തുക