തൃണമൂൽ നേതാവ് അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചു; പശ്ചിമ ബംഗാളിൽ രാഷ്ട്രീയ വിവാദം

തൃണമൂൽ കോൺഗ്രസ് ദേശീയ ജനറൽ സെക്രട്ടറിയും ഡയമണ്ട് ഹാർബർ എംപിയുമായ അഭിഷേക് ബാനർജിയുടെ എംപി ഓഫീസ് അധികൃതർ ബുൾഡോസർ ഉപയോഗിച്ച് പൊളിച്ചുനീക്കിയതോടെ പശ്ചിമ ബംഗാളിൽ പുതിയ രാഷ്ട്രീയ വിവാദം. സൗത്ത് 24 പർഗാനാസ് ജില്ലയിലെ അംതല–ബരുയിപൂർ റോഡിലുള്ള ഓഫീസ് അനുമതിയില്ലാതെ നിർമിച്ചതാണെന്നാരോപിച്ചാണ് നടപടി.

നിർമാണം നിയമവിരുദ്ധമാണെന്ന് ചൂണ്ടിക്കാട്ടി നേരത്തേ തന്നെ അധികൃതർ നോട്ടീസ് നൽകിയിരുന്നുവെന്നാണ് വിവരം. ശനിയാഴ്ച രാവിലെ കനത്ത പൊലീസ് സന്നാഹത്തിന്റെ സാന്നിധ്യത്തിൽ പൊളിക്കൽ നടപടികൾ ആരംഭിച്ചു. ഇതറിഞ്ഞ് ടിഎംസി പ്രവർത്തകരും നാട്ടുകാരും സ്ഥലത്തെത്തിയെങ്കിലും നടപടികൾ പൂർത്തിയാക്കി.

ഇതിനിടെ, കൊൽക്കത്ത മുനിസിപ്പൽ കോർപ്പറേഷൻ അഭിഷേക് ബാനർജിയുടെയും കുടുംബാംഗങ്ങളുടെയും അവരുടെ സംഘടനയായ ‘ലീപ്സ് ആൻഡ് ബൗണ്ട്സ്’-ന്റെയും പേരിൽ രജിസ്റ്റർ ചെയ്തതായി പറയപ്പെടുന്ന 17 സ്വത്തുക്കൾക്ക് അടുത്തിടെ പൊളിക്കൽ നോട്ടീസ് നൽകിയിരുന്നു. ഹരീഷ് മുഖർജി റോഡിലുള്ള അഭിഷേക് ബാനർജിയുടെ വസതിയായ ‘ശാന്തിനികേതൻ’ ഈ പട്ടികയിൽ ഉൾപ്പെട്ടിട്ടുണ്ട്.

അടുത്തിടെ അഭിഷേക് ബാനർജിയുമായി ബന്ധമുണ്ടെന്ന് ആരോപിച്ച് 43 സ്വത്തുക്കളുടെ പട്ടിക ബിജെപി പുറത്തുവിട്ടിരുന്നു. എന്നാൽ, ആരോപണങ്ങൾ തള്ളി ടിഎംസി രാജ്യസഭാംഗം സാകേത് ഗോഖലെ രംഗത്തെത്തി. മുനിസിപ്പൽ രേഖകളിൽ ‘അഭിഷേക് ബാനർജി’ എന്ന പേരിൽ നിരവധി പേരുണ്ടെന്നും, പട്ടികയിലുള്ള എല്ലാ സ്വത്തുക്കളും ടിഎംസി നേതാവിന്റേതാണെന്ന് പറയാനാകില്ലെന്നും അദ്ദേഹം വ്യക്തമാക്കി.

എംപി ഓഫീസ് പൊളിച്ചുനീക്കിയ സംഭവത്തിൽ ഇതുവരെ അഭിഷേക് ബാനർജിയോ തൃണമൂൽ കോൺഗ്രസോ ഔദ്യോഗിക പ്രതികരണം നടത്തിയിട്ടില്ല. അടുത്തിടെ ടിഎംസി നേതാവ് സൗകത് മൊല്ലയുടെ മകനുമായി ബന്ധമുണ്ടെന്ന് ആരോപിക്കപ്പെട്ട കയ്യേറ്റ കഫേയും അധികൃതർ പൊളിച്ചുനീക്കിയിരുന്നു. ഇതോടെ ടിഎംസി നേതാക്കളുമായി ബന്ധപ്പെട്ട സ്വത്തുക്കൾക്കെതിരായ നടപടികൾ സംസ്ഥാന രാഷ്ട്രീയത്തിൽ വീണ്ടും ചർച്ചയാകുകയാണ്.

മറുപടി രേഖപ്പെടുത്തുക