മന്നം സമാധിയിൽ ആർക്കും പ്രവേശനം നിഷേധിച്ചിട്ടില്ല; സുരേഷ് ഗോപിക്ക് പുഷ്‌പാർച്ചന അനുവദിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധം: സുകുമാരൻ നായർ

മന്നം സമാധിയിൽ പുഷ്‌പാർച്ചന നടത്താൻ ആർക്കും വിലക്കേർപ്പെടുത്തിയിട്ടില്ലെന്ന് എൻ.എസ്.എസ് ജനറൽ സെക്രട്ടറി ജി. സുകുമാരൻ നായർ വ്യക്തമാക്കി. സുരേഷ് ഗോപിക്ക് പുഷ്‌പാർച്ചന അനുവദിച്ചില്ലെന്ന പ്രചാരണം വസ്തുതാവിരുദ്ധമാണെന്നും അദ്ദേഹം പറഞ്ഞു.

എൻ.എസ്.എസിന്റെ ബജറ്റ് സമ്മേളനം നടക്കുന്ന ദിവസമാണ് സുരേഷ് ഗോപി പെരുന്നയിലെത്തിയതെന്നും, പതിവ് ചടങ്ങുകൾക്ക് ശേഷം സമാധി നട അടച്ച ശേഷമാണ് അദ്ദേഹം എത്തിയതെന്നും സുകുമാരൻ നായർ വിശദീകരിച്ചു. തുടർന്ന് സെക്യൂരിറ്റി ജീവനക്കാരൻ ബന്ധപ്പെട്ടതിനെ തുടർന്ന് നട തുറന്നുകൊടുത്തെന്നും സുരേഷ് ഗോപി പുഷ്‌പാർച്ചന നടത്തിയെന്നും അദ്ദേഹം പറഞ്ഞു.

ബജറ്റ് സമ്മേളനം നടക്കുന്നതിനിടെ ഹാളിൽ പ്രവേശിച്ചതാണ് പ്രശ്നമായതെന്നും, പിന്നീട് സുരേഷ് ഗോപി തന്റെ ഭാഗത്താണ് തെറ്റെന്ന് സമ്മതിച്ച് മടങ്ങിയെന്നും സുകുമാരൻ നായർ വ്യക്തമാക്കി.

മുൻ ഗവർണർമാരായ സി.വി. ആനന്ദബോസും സി.പി. രാധാകൃഷ്ണനും എൻ.എസ്.എസ് ആസ്ഥാനം സന്ദർശിച്ചപ്പോഴും പുഷ്‌പാർച്ചന ആവശ്യപ്പെട്ടിട്ടില്ലെന്നും, ആവശ്യപ്പെടാതെ അത് നിർദേശിക്കുന്നത് ഔചിത്യമല്ലെന്നും അദ്ദേഹം പറഞ്ഞു.

മന്നം സമാധി ക്ഷേത്രതുല്യമായി പരിപാലിക്കുന്ന സ്ഥലമാണെന്നും സുരക്ഷാ പരിശോധനകളുമായി ബന്ധപ്പെട്ട സാഹചര്യത്തിലാണ് ചില അവസരങ്ങളിൽ തീരുമാനങ്ങൾ എടുക്കേണ്ടിവന്നതെന്നും സുകുമാരൻ നായർ വ്യക്തമാക്കി. മുൻകൂട്ടി അറിയിച്ച് എത്തുന്നവർക്ക് മന്നം സമാധിയിൽ ദർശനവും പുഷ്‌പാർച്ചനയും നിഷേധിച്ചിട്ടില്ലെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

മറുപടി രേഖപ്പെടുത്തുക