ബാനറും കൊടിയും കെട്ടി പൊതിച്ചോറ് വിതരണം നടത്തുന്നതിനെതിരെ ആരോഗ്യമന്ത്രി കെ. മുരളീധരൻ നടത്തിയ പ്രസ്താവനയിൽ പ്രതികരണവുമായി ഡിവൈഎഫ്ഐ. പൊതിച്ചോറ് പദ്ധതി നിർത്തലാക്കാൻ തീരുമാനിച്ചിട്ടില്ലെന്ന് ഡിവൈഎഫ്ഐ സംസ്ഥാന പ്രസിഡന്റ് വി. വസീഫ് വ്യക്തമാക്കി.
“ഭരണപക്ഷം ഞങ്ങളുടെ പദ്ധതി അവസാനിപ്പിക്കുമെന്ന് പറയുന്നു. എല്ലാം മുടക്കുക എന്നതാണ് അവരുടെ രീതി. എന്നാൽ തുടർന്നുകൊണ്ടുപോകുക എന്നതാണ് ഞങ്ങളുടെ സമീപനം,” എന്ന് വസീഫ് പറഞ്ഞു.
മെഡിക്കൽ കോളേജുകളിൽ കമ്മ്യൂണിറ്റി കിച്ചണുകൾ നിലവിലില്ലാത്ത സാഹചര്യത്തിലാണ് ഡിവൈഎഫ്ഐ പൊതിച്ചോറ് പദ്ധതിയുമായി മുന്നോട്ടുപോകുന്നതെന്നും അദ്ദേഹം വ്യക്തമാക്കി. സർക്കാർ സംവിധാനമായി കമ്മ്യൂണിറ്റി കിച്ചണുകൾ ആരംഭിക്കുകയും ഭക്ഷണം ലഭ്യമാകുന്നത് ഉറപ്പാക്കുകയും ചെയ്താൽ അതാണ് പ്രധാനമെന്നും അദ്ദേഹം പറഞ്ഞു.
“കൊടിയും ബാനറും വെക്കുന്നതിൽ എന്താണ് പ്രശ്നം? സർക്കാർ സംവിധാനം വരട്ടെ, പക്ഷേ പൊതിച്ചോറ് വിതരണം മുടങ്ങരുത്. ഞങ്ങൾ ഭക്ഷണം നൽകുന്നത് കൊടിയുടെ നിറം നോക്കിയല്ല,” എന്നും വസീഫ് പ്രതികരിച്ചു. ഈ മാതൃകയിൽ മറ്റുള്ളവരും മുന്നോട്ടുവരണമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.
അതേസമയം, ബാനറുകളും കൊടികളും സ്ഥാപിച്ച് ഭക്ഷണം വിതരണം ചെയ്യുന്നതിന് പകരം കമ്മ്യൂണിറ്റി കിച്ചൺ മാതൃകയിൽ ഭക്ഷണം നൽകാമെന്നായിരുന്നു ആരോഗ്യമന്ത്രി കെ. മുരളീധരന്റെ നിലപാട്.
