തങ്ങൾക്കെതിരായ ആക്രമണങ്ങൾക്ക് യുഎസ് സൈന്യത്തിന് ഭൂമിയും വ്യോമാതിർത്തിയും ഉപയോഗിക്കാൻ ഖത്തർ, സൗദി, യു എ ഇ എന്നീ രാജ്യങ്ങൾ അനുമതി നൽകിയതായി ഇറാൻ ഐക്യരാഷ്ട്രസഭ സുരക്ഷാ കൗൺസിലിന് നൽകിയ കത്തുകളിൽ ആരോപിച്ചു.
സുരക്ഷാ കൗൺസിലിനും യുഎൻ സെക്രട്ടറി ജനറലിനും നൽകിയ പരാതികളിൽ, മാർച്ച് 15 മുതൽ 20 വരെ ഈ രാജ്യങ്ങളുടെ വ്യോമാതിർത്തി ഉപയോഗിച്ച് യുഎസ് യുദ്ധവിമാനങ്ങളും ബോംബറുകളും രഹസ്യാന്വേഷണ ഡ്രോണുകളും പ്രവർത്തിച്ചതായി ഇറാൻ വിശദീകരിച്ചു. എഫ്-35, എഫ്-18 യുദ്ധവിമാനങ്ങൾ, ബി-1 ബോംബറുകൾ, ആർക്യു-4, യു-2 നിരീക്ഷണ വിമാനങ്ങൾ, പി-8 സമുദ്ര പട്രോളിംഗ് വിമാനങ്ങൾ എന്നിവ ഈ പ്രവർത്തനങ്ങളിൽ ഉൾപ്പെട്ടതായും കത്തുകളിൽ പറയുന്നു.
“സ്വയം പ്രതിരോധത്തിനായി ആവശ്യമായ എല്ലാ നടപടികളും സ്വീകരിക്കാൻ ഇറാനിന് അവകാശമുണ്ട്” എന്ന മുന്നറിയിപ്പും കത്തുകളിൽ ഉൾപ്പെടുത്തിയിട്ടുണ്ട്. കൂടാതെ, “നല്ല അയൽപക്ക ബന്ധങ്ങൾ” മാനിച്ച് ഇറാനെതിരായ ആക്രമണങ്ങൾക്ക് പിന്തുണ നൽകുന്നത് അവസാനിപ്പിക്കണമെന്നും ഈ രാജ്യങ്ങളോട് ആവശ്യപ്പെട്ടു.
റഷ്യയുടെ അഭ്യർഥനയെ തുടർന്ന് വെള്ളിയാഴ്ച യു എൻ സുരേഖാ കൗൺസിൽ ഇറാനുമായി ബന്ധപ്പെട്ട വിഷയത്തിൽ അടച്ചിട്ട മുറിയിൽ യോഗം ചേർന്ന സാഹചര്യത്തിലാണ് ആരോപണങ്ങൾ ഉയർന്നത്. ഇറാനിലെ സിവിലിയൻ അടിസ്ഥാന സൗകര്യങ്ങൾക്കെതിരായ ആക്രമണങ്ങളാണ് യോഗത്തിന് കാരണമെന്നാണ് റഷ്യയുടെ യുഎൻ മിഷൻ വ്യക്തമാക്കിയത്.
അതേസമയം, ഗൾഫ് രാജ്യങ്ങളുടെ ക്ഷമയ്ക്ക് പരിധിയുണ്ടെന്നും ഇറാനെതിരായ സൈനിക നടപടി തള്ളിക്കളയാനാവില്ലെന്നും സൗദി വിദേശകാര്യ മന്ത്രി മുന്നറിയിപ്പ് നൽകി. മേഖലയിൽ സംഘർഷം കൂടുതൽ വ്യാപിക്കാനുള്ള സാധ്യത ഉയർന്നിരിക്കുകയാണ്.
