‘ടിവി റേറ്റിംഗ് നയം 2026’ പുറത്തിറക്കി കേന്ദ്രസർക്കാർ; റേറ്റിംഗ് ഏജൻസികളുടെ നിഷ്പക്ഷതയും സ്വാതന്ത്ര്യവും സംരക്ഷിക്കുന്നതിന് കർശന വ്യവസ്ഥകൾ

രാജ്യത്തെ ടെലിവിഷൻ റേറ്റിങ് സംവിധാനത്തിൽ കൂടുതൽ സുതാര്യതയും സ്വാതന്ത്ര്യവും ഉത്തരവാദിത്തവും ഉറപ്പാക്കുന്നതിനായി കേന്ദ്ര സർക്കാർ വെള്ളിയാഴ്ച ‘ടിവി റേറ്റിംഗ് നയം 2026’ പുറത്തിറക്കി. 2014 ലെ മാർഗ്ഗനിർദ്ദേശങ്ങൾക്ക് പകരമായാണ് പുതിയ നയം പ്രാബല്യത്തിൽ വരുന്നത്. മേഖലയിൽ പുതിയ സ്ഥാപനങ്ങൾക്ക് പ്രവേശനം എളുപ്പമാക്കുകയും കൃത്യമായ ഡാറ്റ ശേഖരണവും ശക്തമായ മേൽനോട്ട സംവിധാനവും ഉറപ്പാക്കുകയുമാണ് ലക്ഷ്യം.

പുതിയ ചട്ടങ്ങൾ പ്രകാരം, ടിവി റേറ്റിംഗ് ഏജൻസിയായി പ്രവർത്തിക്കാൻ ആവശ്യമായ ആസ്തി പരിധി 20 കോടി രൂപയിൽ നിന്ന് 5 കോടിയായി കുറച്ചു. ഇതിലൂടെ കൂടുതൽ കമ്പനികൾ രംഗത്തെത്താനും മത്സരം വർദ്ധിക്കാനും സഹായകരമാകും. ഏതാനും സ്ഥാപനങ്ങളുടെ ഏകാധിപത്യ സ്വഭാവം കുറയ്ക്കുന്നതും ഇതിലൂടെ ലക്ഷ്യമിടുന്നു.

ഏജൻസികളുടെ നിഷ്പക്ഷത ഉറപ്പാക്കാൻ കർശന മാനദണ്ഡങ്ങളും ഉൾപ്പെടുത്തിയിട്ടുണ്ട്. ഡയറക്ടർ ബോർഡിലെ കുറഞ്ഞത് 50 ശതമാനം അംഗങ്ങൾ സ്വതന്ത്രരായിരിക്കണം. ഇവർക്ക് പ്രക്ഷേപകരുമായോ പരസ്യദാതാക്കളുമായോ പരസ്യ ഏജൻസികളുമായോ ബന്ധമില്ലാതിരിക്കണമെന്നും നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ, താത്പര്യവൈരുദ്ധ്യങ്ങൾക്ക് ഇടയാക്കുന്ന കൺസൾട്ടൻസി പ്രവർത്തനങ്ങളിൽ ഏർപ്പെടുന്നതും വിലക്കിയിട്ടുണ്ട്.

ഡാറ്റയുടെ കൃത്യത വർദ്ധിപ്പിക്കുന്നതിനായി സാമ്പിൾ വലുപ്പം വിപുലീകരിക്കാനും നിർദേശം നൽകിയിട്ടുണ്ട്. നിലവിലുള്ള ഏജൻസികൾ ആറുമാസത്തിനുള്ളിൽ മീറ്റർ ചെയ്ത വീടുകളുടെ എണ്ണം 80,000 ആയി ഉയർത്തണം. തുടർന്ന് 18 മാസത്തിനുള്ളിൽ ഇത് 1.2 ലക്ഷം വീടുകളായി വർദ്ധിപ്പിക്കും. കേബിൾ, ഡിടിഎച്ച്, ഒടിടി പ്ലാറ്റ്‌ഫോമുകൾ, കണക്റ്റഡ് ടിവികൾ എന്നിവ ഉൾപ്പെടെ എല്ലാ മാധ്യമങ്ങളിൽ നിന്നുമുള്ള പ്രേക്ഷക ഡാറ്റ ഉൾപ്പെടുത്തണമെന്നും നിർദ്ദേശമുണ്ട്.

സുതാര്യത ഉറപ്പാക്കുന്നതിനായി ഏജൻസികൾ അവരുടെ പ്രവർത്തനരീതികൾ വെബ്സൈറ്റുകളിൽ പ്രസിദ്ധീകരിക്കണം. ഡാറ്റ അജ്ഞാതമാക്കി പ്രസിദ്ധീകരിക്കുന്നതോടൊപ്പം പ്രേക്ഷകരുടെ സ്വകാര്യത സംരക്ഷിക്കാൻ ‘ഡിജിറ്റൽ പേഴ്‌സണൽ ഡാറ്റ പ്രൊട്ടക്ഷൻ ആക്റ്റ്, 2023’ കർശനമായി പാലിക്കണമെന്നും വ്യക്തമാക്കിയിട്ടുണ്ട്.

ഉത്തരവാദിത്തം വർദ്ധിപ്പിക്കാൻ ഇരട്ട ഓഡിറ്റ് സംവിധാനവും കൊണ്ടുവന്നു. ത്രൈമാസ അടിസ്ഥാനത്തിൽ ആന്തരിക ഓഡിറ്റും വർഷത്തിൽ ഒരിക്കൽ സ്വതന്ത്ര ബാഹ്യ ഓഡിറ്റും നിർബന്ധമാക്കിയിട്ടുണ്ട്. കൂടാതെ ഫീൽഡ് പരിശോധനകൾക്കായി മന്ത്രാലയം പ്രത്യേക ‘ഓഡിറ്റ് ആൻഡ് ഓവർസൈറ്റ് ടീം’ രൂപീകരിക്കും.

പുതിയ നയം പ്രക്ഷേപണ മേഖലയിലെ വിശ്വാസ്യതയും സുതാര്യതയും ഉയർത്തുമെന്ന് കേന്ദ്ര സർക്കാർ പ്രതീക്ഷിക്കുന്നു.

മറുപടി രേഖപ്പെടുത്തുക