സംസ്ഥാനത്ത് സർക്കാർ രൂപീകരണ നടപടികൾ വേഗത്തിലാകുന്നതിനിടെ, അവകാശവാദം ഉന്നയിക്കാൻ കെപിസിസി അധ്യക്ഷൻ സണ്ണി ജോസഫ് ഇന്ന് ഗവർണർ രാജേന്ദ്ര വിശ്വനാഥ് അർലേക്കറെ കാണും. ഇന്ന് വൈകിട്ട് മൂന്ന് മണിക്ക് ശേഷമായിരിക്കും കൂടിക്കാഴ്ച. ഉച്ചയ്ക്ക് നടക്കുന്ന കോൺഗ്രസ് നിയമസഭാ കക്ഷിയോഗത്തിനും യുഡിഎഫ് യോഗത്തിനും ശേഷമാണ് ലോക്ഭവനിലെത്തി ഗവർണറുമായി കൂടിക്കാഴ്ച നടത്തുക.
102 എംഎൽഎമാരുടെ പിന്തുണ യുഡിഎഫിനുണ്ടെന്ന കാര്യം ഗവർണറെ അറിയിക്കുമെന്ന് നേതാക്കൾ വ്യക്തമാക്കി. സത്യപ്രതിജ്ഞാ ചടങ്ങിനായുള്ള ഒരുക്കങ്ങളുടെ ആദ്യഘട്ടമായാണ് ഗവർണറുമായുള്ള കൂടിക്കാഴ്ച വിലയിരുത്തപ്പെടുന്നത്.
അതേസമയം, ദിവസങ്ങളായി നീണ്ടുനിൽക്കുന്ന മുഖ്യമന്ത്രി ചർച്ചയിൽ ഇന്നത്തെ യോഗങ്ങൾക്ക് നിർണായക പ്രാധാന്യമുണ്ട്. ഇന്ന് ഉച്ചയ്ക്ക് ഒരു മണിക്ക് കോൺഗ്രസ് നിയമസഭാ കക്ഷിയോഗം ചേരുമെന്ന് കെപിസിസി പ്രസിഡന്റ് സണ്ണി ജോസഫ് അറിയിച്ചു. കെപിസിസി ആസ്ഥാനത്താണ് യോഗം നടക്കുക. കോൺഗ്രസ് എംഎൽഎമാർ എല്ലാവരും തലസ്ഥാനത്തെത്താൻ നിർദേശം നൽകിയിട്ടുണ്ട്.
ആദ്യം രാവിലെ 11 മണിക്ക് യോഗം നിശ്ചയിച്ചിരുന്നെങ്കിലും, എംഎൽഎമാർക്ക് തിരുവനന്തപുരത്ത് എത്തുന്നതിലെ അസൗകര്യം പരിഗണിച്ച് സമയം ഒരു മണിയിലേക്ക് മാറ്റുകയായിരുന്നു. പ്രതിപക്ഷ നേതാവ് വി.ഡി. സതീശൻ പുലർച്ചെ തന്നെ തിരുവനന്തപുരത്തേക്ക് തിരിച്ചു. കെ.സി. വേണുഗോപാൽ ഡൽഹിയിൽ തുടരുകയാണ്. രമേശ് ചെന്നിത്തല തിരുവനന്തപുരത്തെ വസതിയിലാണുള്ളത്.
