രാജ്യത്തെ 17 സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്കും മണിക്കൂറിൽ 70 കിലോമീറ്റർ വരെ വേഗതയിൽ കാറ്റിനും സാധ്യതയുണ്ടെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പ് അറിയിച്ചു. കേരളം, ഡൽഹി, തമിഴ്നാട്, ഉത്തർപ്രദേശ്, ബിഹാർ, ജമ്മു-കശ്മീർ ഉൾപ്പെടെയുള്ള സംസ്ഥാനങ്ങളിൽ ജാഗ്രതാ നിർദേശം പുറപ്പെടുവിച്ചിട്ടുണ്ട്.
അതിനിടെ, പ്രളയം രൂക്ഷമായ അസമിൽ സ്ഥിതിഗതികൾ ആശങ്കാജനകമായി തുടരുകയാണ്. പ്രളയക്കെടുതിയിൽ മരിച്ചവരുടെ എണ്ണം 87 ആയി ഉയർന്നു. ഏഴ് ജില്ലകളിലായി 1.28 ലക്ഷത്തിലധികം ആളുകളെ ദുരന്തം ബാധിച്ചതായാണ് റിപ്പോർട്ട്.
തമിഴ്നാടിന് മുകളിലായി രൂപപ്പെട്ട ചക്രവാതച്ചുഴിയുടെ സ്വാധീനഫലമായി കേരളത്തിലും അതിശക്തമായ മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. 12 ജില്ലകളിൽ ഓറഞ്ച് അലർട്ടും തിരുവനന്തപുരം, കൊല്ലം ജില്ലകളിൽ യെല്ലോ അലർട്ടും പ്രഖ്യാപിച്ചിട്ടുണ്ട്.
മണിക്കൂറിൽ 50 കിലോമീറ്റർ വരെ വേഗതയിൽ കാറ്റ് വീശാൻ സാധ്യതയുള്ളതിനാൽ കേരള, കർണാടക, ലക്ഷദ്വീപ് തീരങ്ങളിൽ മത്സ്യബന്ധനത്തിന് വിലക്ക് ഏർപ്പെടുത്തി. സംസ്ഥാനത്തെ പ്രധാന ഡാമുകളിലെ ജലനിരപ്പ് ഉയർന്ന സാഹചര്യത്തിൽ നിയന്ത്രിത അളവിൽ വെള്ളം പുറത്തേക്ക് ഒഴുക്കിവിടുന്നുണ്ട്. നദീതീരങ്ങളിലും താഴ്ന്ന പ്രദേശങ്ങളിലും താമസിക്കുന്നവർ ജാഗ്രത പാലിക്കണമെന്ന് അധികൃതർ നിർദേശിച്ചു.
